ലക്ഷദ്വീപിൽ കളക്ടറുടെ കോലം കത്തിച്ചു; 12 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപിൽ  കളക്ടർ അഷ്ക്കർ അലിയുടെ കോലം കത്തിച്ച 12 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍റെ വിവാദ ഉത്തരവുകളെ ന്യായീകരിച്ച് ദ്വീപ് കളക്ടർ അഷ്ക്കറലി വാർത്താസമ്മേളനം വിളിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ചവരാണ് അറസ്റ്റിലായത്.

കിൽത്താൻ ദ്വീപിൽ മയക്കുമരുന്ന് വ്യാപകമായുണ്ടെന്ന കളക്ടറുടെ പ്രസ്താവനയ്ക്കെതിരെയായിരുന്നു കോൺഗ്രസ് പ്രവർത്തകരും പൊതുജനങ്ങളും പ്രതിഷേധിച്ചത്. കിൽത്താൻ ദ്വീപിലെ കോൺഗ്രസ് ഘടകം പ്രസിഡണ്ട് റഹമത്തുള്ള അടക്കം 12 കോൺഗ്രസ് പ്രവർത്തകരെയാണ പൊലീസ് പിടികൂടിയത്.

പൊലീസ് നടപടി ഭയന്ന് പലരും ഒളിവിലാണെന്നും സൂചനയുണ്ട്. പൊലീസ് നടപടി പ്രതിഷേധാർഹമാണെന്നും കൂടുതൽ പ്രതിഷേധ പരിപാടികൾ നടത്തുമെന്നും ലക്ഷദ്വീപ് കോൺഗ്രസ് ജനറൽ സെക്രട്ടറി എംകെ കോയ അറിയിച്ചു.