പത്തനംതിട്ട യൂത്ത് കോണ്‍ഗ്രസില്‍ കൂട്ടനടപടി; 15 മണ്ഡലം പ്രസിഡന്റുമാരെ പുറത്താക്കി

പത്തനംതിട്ട യൂത്ത് കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി. 15 മണ്ഡലം പ്രസിഡന്റുമാരെ പുറത്താക്കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പങ്കെടുത്ത ജില്ലാ യോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ വിട്ടുനിന്നവര്‍ക്കെതിരെയാണ് നടപടി

പുറത്താക്കപ്പെട്ട  മണ്ഡലം പ്രസിഡന്റുമാര്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഒരു ഘട്ടത്തില്‍ പോലും പ്രവര്‍ത്തനത്തിനിറങ്ങിയില്ലെന്നാണ് വിമര്‍ശനം. യോഗത്തില്‍ അസംബ്ലി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മണ്ഡലം കമ്മിറ്റികള്‍ തിരിച്ചുള്ള ചര്‍ച്ചകള്‍ നടന്നു. കൂടുതല്‍ നടപടികള്‍ നേരിട്ട പ്രസിഡന്റുമാര്‍ റാന്നി, തിരുവല്ല അസംബ്ലികളുടെ കീഴിലുള്ളവരാണ്.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എംജി കണ്ണന്‍ മത്സരിച്ച അടൂരില്‍ പോലും മണ്ഡലം പ്രസിഡന്റുമാര്‍ സജീവമായില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നഷ്ടപ്പെട്ട ചിലര്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും യോഗത്തില്‍ ചൂണ്ടിക്കാട്ടി. മണ്ഡലം പ്രസിഡന്റുമാര്‍ക്കെതിരായ നടപടിയില്‍ ആരും അതൃപ്തി പരസ്യമാക്കിയില്ല.