'സ്​ത്രീവിരുദ്ധ പരാമർശവും ബോഡി ഷെയ്മിങ്ങും'; പൊലീസുകാര​നെ സസ്പെൻഡ് ചെയ്ത് വിവാദ ഉത്തരവിറക്കിയ കമ്മീഷണർ എ.വി ജോർജിന് എതിരെ പരാതിയുമായി യുവതി

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ.വി. ജോർജിനെതിരെ പരാതിയുമായി സിവിൽ പൊലീസ്​ ഓഫീസറെ സസ്​പെൻഡ്​ ചെയ്​ത് ഇറക്കിയ വിവാദമായ ഉത്തരവിൽ പരാമർശിക്കുന്ന കോഴിക്കോട്​ സ്വദേശി ആതിര കെ. കൃഷ്​ണൻ. സിറ്റി പോലീസ് കമ്മീഷണർ എ.വി. ജോർജ് പുറപ്പെടുവിച്ച  ഉത്തരവിലെ സ്​ത്രീവിരുദ്ധ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആതിര ​ഐ.ജി അശോക്​ യാദവിന്​ പരാതി നൽകിയത്.
സ്ത്രീയായ താൻ തനിച്ച് താമസിക്കുന്നിടത്ത് യാതൊരു മുന്നറിയിപ്പുമില്ലാതെ രണ്ട് പുരുഷ പൊലീസുകാർ കടന്നു വന്ന് എന്നെ ഭയപ്പെടുത്തിയാണ്  മൊഴിയെടുത്തതെന്ന് പരാതിയില്‍ പറയുന്നു. ആരുടേതാണ് പരാതി എന്ന് വ്യക്തമാക്കുകയോ, പരാതി വായിച്ചു കേൾപ്പിക്കുകയോ ചെയ്യാതെയാണ് മൊഴി രേഖപ്പെടുത്തിയത്. കൂടാതെ
വസ്തുതകൾ രേഖപ്പെടുത്താതെ അവർക്കാവശ്യമായ രീതിയിലാണ് മൊഴി രേഖപ്പെടുത്തിയതെന്നും പരാതിയില്‍ ആരോപിക്കുന്നു. മൊഴിയെടുക്കാൻ വന്ന ACP  സുദർശൻ ചെയ്യരുതാത്ത തരത്തിൽ അനാവശ്യമായി കമന്റടിച്ച് ബോഡിഷെയിമിങ്ങ് നടത്തുകയും തൻറെ കറുത്ത നിറത്തെ അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്തതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഫെയ്സ് ബുക്കില്‍ പങ്കു വെച്ച കുറിപ്പിലാണ് ആതിര പരാതി കൊടുത്തതായി വ്യക്തമാക്കുന്നത്
ആതിരയുടെ കുറിപ്പിൻറെ പൂർണരൂപം:
പ്രിയപ്പെട്ടവരെ,
31 വയസ് പ്രായമുള്ള ഞാൻ സിവിൽ സ്റ്റേഷന് സമീപം ഫ്ലാറ്റിൽ തനിച്ചാണ് താമസം. ഗായികയും മ്യൂസിക് കംപോസ‌റുമായതിനാൽ പാട്ടുകൾ ചെയ്യുന്നത് സംബന്ധിച്ച് ഞാനും കുടുംബാംഗങ്ങളും തമ്മിലുണ്ടായ പ്രശ്നങ്ങളെ തുടർന്നാണ് ഞാൻ നാല് മാസത്തോളമായി ഒരു ഫ്ലാറ്റ് വാടകക്കെടുത്ത് താമസിക്കുന്നത്.
വിവിധ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഫ്ലാറ്റ് കണ്ടെത്തിയതും അഡ്വാൻസ് നൽകിയതും താമസം തുടങ്ങിയതും.
08-09-2020 തീയ്യതി ഞാൻ തനിച്ച് താമസിക്കുന്ന ഫ്ലാറ്റിൽ സ്പെഷ്യൽ ബ്രാഞ്ച് ACP എന്ന് പരിചയപ്പെടുത്തി സുദർശൻ സാറും നാരായണൻ എന്ന് പരിചയപ്പെടുത്തിയ മറ്റൊരു സാറും വരികയും “നിങ്ങളാണോ ആതിര? ഫോട്ടോയിൽ കാണുന്ന പോലെയൊന്നും അല്ലല്ലോ” എന്ന് എന്നെ ഇൻസൾട്ട് ചെയ്യുന്ന തരത്തിൽ ACP കമന്റ്‌ പറയുകയും ചെയ്തു. എനിക്കെതിരെ ഒരു പരാതി കിട്ടിയിട്ടുണ്ടെന്നും അതന്വേഷിക്കാനാണ് വന്നതെന്നും പറഞ്ഞു. എന്താണ് പരാതി എന്നോ ആരാണ് പരാതി തന്നതെന്നോ പറഞ്ഞിട്ടില്ല.
ഒരു വനിതാ പോലീസുകാരി പോലും കൂടെയില്ലാതെ,
യാതൊരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ ഞാൻ തനിച്ച് താമസിക്കുന്ന ഫ്ലാറ്റിൽ കയറി എന്നെ ചോദ്യം ചെയ്തു മൊഴിയെടുത്തു. ഞാൻ പറഞ്ഞ പല മറുപടികളും രേഖപ്പെടുത്താതെ ACP സർ അദ്ദേഹത്തിൻറെ ഇഷ്ടപ്രകാരമാണ് മിക്ക കാര്യങ്ങളും മൊഴിയായി രേഖപ്പെടുത്തിയത്. അതിൽ എന്നെക്കൊണ്ട് ഒപ്പു വയ്പ്പിക്കുകയും ചെയ്തു. ഞാൻ ഒറ്റയ്ക്ക് വാടകയ്ക്ക് താമസിക്കുന്നിടത്ത് രണ്ട് പുരുഷ പോലീസുകാർ മാത്രം വന്ന് ഭയപ്പെടുത്തിയതിനാൽ ഞാൻ ഒപ്പിട്ടു നൽകുകയായിരുന്നു.
എന്റെ മൊഴിയെടുത്തതിന്റെ പകർപ്പ് എനിക്ക് തരികയുണ്ടായില്ല. പിന്നീട് ആവശ്യപ്പെട്ടപ്പോൾ എന്താ അതിന്റെ ആവശ്യം എന്നാണ് ACP സർ ചോദിച്ചത്. പിന്നീട് “”എൻക്വയറി കഴിയട്ടെ, എന്നിട്ട് നോക്കാം”” എന്നാണ് പറഞ്ഞത്. തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ ഏ. വി.ജോർജ് സാറിനെ വിളിച്ച് മൊഴി പകർപ്പ് തരാനുള്ള നടപടി സ്വീകരിക്കണമെന്നഭ്യർത്ഥിച്ചപ്പോഴും “എൻക്വയറി കഴിഞ്ഞിട്ടേ തരാൻ പറ്റൂ” എന്ന് തന്നെ പറഞ്ഞു. തുടർന്ന് ഡി.സി.പി. സുജിത് ദാസ് സാറിനെ വിളിച്ച് പരാതി പറഞ്ഞു. അദ്ദേഹം അവധിയാണെന്നും വന്നിട്ട് പരിഹാരമുണ്ടാക്കാം എന്നും പറഞ്ഞതിനെ ത്തുടർന്ന് പിറ്റേ ദിവസം രാവിലെ വരെ കാത്തിരുന്നു. രാവിലെ ഡി. സി.പി. സാറിനും കമ്മീഷണർ സാറിനും കോപ്പി വച്ച് ACP SB ക്ക് മെയിൽ ചെയ്തതിനെത്തുടർന്ന് എന്റെ മൊഴിയുടെ പകർപ്പ് e.mail ചെയ്തു തന്നു.
മൊഴി വായിച്ച് നോക്കിയപ്പോൾ, ഞാൻ പറഞ്ഞ കാര്യങ്ങളെ ഒഴിവാക്കിക്കൊണ്ട് പരാതിക്കാരിക്ക് അനുകൂലമായ രീതിയിൽ അവരുടെ വാക്കുകൾ ഉപയോഗിച്ച് എന്റെ മൊഴിയായി രേഖപ്പെടുത്തിയിരിക്കയാണ്.
വാസ്തവത്തിൽ ഈ പരാതി എനിക്കെതിരായിട്ടുള്ളതല്ല. എന്നിട്ടും ഒരു സ്ത്രീ തനിച്ച് താമസിക്കുന്നിടത്ത് ഫ്ലാറ്റിൽ രണ്ടു പുരുഷ പോലീസുകാർ മുന്നറിയിപ്പില്ലാതെ കയറി വന്ന് എനിക്കെതിരായ പരാതി എന്ന് തെറ്റിദ്ധരിപ്പിച്ച് എന്നെ ഭയപ്പെടുത്തുകയായിരുന്നു. “ഫോട്ടോയിൽ കാണുന്നതും പോലെയല്ലല്ലോ നേരിൽ” എന്ന് എന്റെ ശരീരത്തെയും നിറത്തെയും ഉദ്യേശിച്ച് അധിക്ഷേപിക്കുകയും ചെയ്തു ACP ശ്രീ. സുദർശൻ .
ഇന്ന് കോഴിക്കോട്ട് സിറ്റി പോലീസ് കമ്മീഷണർ എ.വി. ജോർജ് ഐ.പി.എസ് പുറത്തുവിട്ട, ഉമേഷ് വള്ളിക്കുന്നിനെ സസ്പെൻഡ് ചെയ്തതായുള്ള ഉത്തരവിൽ എന്നെ അങ്ങേയറ്റം അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങളാണുള്ളത്.
31 വയസ്സുള്ള എനിക്ക് എന്റെ ഇഷ്ടപ്രകാരം തനിയെ ജീവിക്കുന്നതിനുള്ള സ്വാതന്ത്ര്യവും കഴിവും ഉണ്ട്. സ്വന്തം നിലയിൽ വാടകയ്ക്ക് വീടെടുത്ത് താമസിക്കുന്ന എന്നെ മറ്റൊരാൾ താമസിപ്പിച്ചതാണെന്നും അയാൾ ഇവിടെ നിത്യ സന്ദർശകനാണെന്നും മറ്റും ഒരു ജില്ലാ പോലീസ് മേധാവി എഴുതിയുണ്ടാക്കി എന്റെ സുഹൃത്തായ പോലീസുകാരനെ സസ്പെൻഡ് ചെയ്തിരിക്കയാണ്.
എന്റെ അമ്മ ശാരദ കൃഷ്ണൻ കുട്ടി നൽകിയ പരാതിയിലാണ് നടപടി.
താഴെ പറയുന്ന കാര്യങ്ങളിൽ എനിക്ക് പരാതിയുണ്ട്. പരാതി ഉത്തരമേഖല ഐ.ജി. ക്ക് നൽകിയിട്ടുണ്ട്.
1) സ്ത്രീയായ ഞാൻ തനിച്ച് താമസിക്കുന്നിടത്ത് യാതൊരു മുന്നറിയിപ്പുമില്ലാതെ രണ്ട് പുരുഷ പോലീസുകാർ കടന്നു വന്ന് എന്നെ ഭയപ്പെടുത്തി മൊഴിയെടുത്തു.
2)മറ്റൊരാൾക്കെതിരെയുള്ള പരാതിയെ എനിക്കെതിരായിട്ടുള്ള പരാതി എന്ന് തെറ്റിദ്ധരിപ്പിച്ചു.
3) ആരുടേതാണ് പരാതി എന്ന് വ്യക്തമാക്കുകയോ, പരാതി വായിച്ചു കേൾപ്പിക്കുകയോ ചെയ്തില്ല.
4) ഞാൻ പറഞ്ഞ വസ്തുതകൾ രേഖപ്പെടുത്താതെ അവർക്കാവശ്യമായ രീതിയിൽ മൊഴി രേഖപ്പെടുത്തി.
5) നിർബന്ധപൂർവം “മൊഴി വായിച്ച് കേട്ടു. ശരി” എന്നെഴുതി ഒപ്പുവെപ്പിച്ചു
6) “ഫോട്ടോയിൽ കാണുന്നതു പോലെയല്ലല്ലോ” എന്ന് ഒരു പോലീസുദ്യോഗസ്ഥൻ ചെയ്യരുതാത്ത തരത്തിൽ അനാവശ്യമായി കമന്റടിച്ച് ബോഡിഷെയിമിങ്ങും കറുത്ത നിറത്തോടുള്ള അധിക്ഷേപവും നടത്തി.
7) ഞാൻ സ്വാതന്ത്രമായി വാടകക്കെടുത്തു താമസിക്കുന്ന ഫ്ലാറ്റ് മറ്റൊരാൾ എന്റെ പേരിൽ തരപ്പെടുത്തിയതാണെന്നും എന്നെ ഒരാൾ ഇവിടെ താമസിപ്പിച്ചതാണെന്നും അയാൾ ഇവിടെ നിത്യ സന്ദർശകനാണെന്നും വ്യാജ വിവരങ്ങൾ ചേർത്ത് റിപ്പോർട്ട്‌ തയ്യാറാക്കി അത് ഒരു പബ്ലിക്‌ ഡോക്യുമെന്റ് ആയ സസ്പെൻഷൻ ഓർഡറിൽ ഉൾപ്പെടുത്താനിടയാക്കുകയും എന്റെ വ്യക്തിത്വത്തെയും അന്തസ്സിനേയും അപമാനിക്കുകയും ചെയ്തു.
8) എനിക്ക് സ്വന്തമായി ഫ്ലാറ്റിൽ താമസിക്കാനാകുമെന്നും എന്റെ ഒരു സുഹൃത്തും ഫ്ലാറ്റിൽ നിത്യ സന്ദർശകരല്ലെന്നും, എന്നാൽ അപ്രകാരം സന്ദർശിച്ചാൽ പോലും അതിൽ കുറ്റകരമായി യാതൊന്നും ഇല്ലെന്നും വസ്തുതയായിരിക്കെ സ്ത്രീയെന്ന നിലയിൽ എന്റെ വ്യക്തിത്വത്തെയും ആത്മാഭിമാനത്തെയും നികൃഷ്ടമായ രീതിയിൽ അവഹേളിച്ചു കൊണ്ടാണ് കമ്മീഷണറായ ഏ.വി.ജോർജ്ജ് സർ ഉമേഷ് വള്ളിക്കുന്ന് എന്ന പോലീസുകാരന്റെ സസ്പെൻഷൻ ഓർഡറായ ഔദ്യോഗിക രേഖയിൽ എന്നെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്. പ്രസ്തുത പോലീസുകാരനോട് ഏ.വി ജോർജ് സാറിന് വർഷങ്ങളായുള്ള കുടിപ്പക തീർക്കുന്നതിന് എന്നെ ഇരയാക്കുകയാണ് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.
സ്ത്രീ എന്ന നിലയിൽ എന്നെ അപമാനിച്ചതിനും പൊതുരേഖയിൽ എന്നെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ ഉൾപ്പെടുത്തിയതിനും ഉചിതമായ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിച്ചാണ് പരാതി നൽകിയിട്ടുള്ളത്.
ഒരു വ്യക്തി എന്ന നിലയിലും സ്ത്രീ എന്ന എന്റെ ആത്മാഭിമാനത്തെ നീചമായി അവഹേളിക്കുന്ന തരത്തിൽ സർക്കാരിന്റെ ഔദ്യോഗിക സ്ഥാനമാനങ്ങളും സംവിധാനങ്ങളും ഉപയോഗിച്ച് ഔദ്യോഗിക രേഖയിൽ പോലും ഉൾപ്പെടുത്തി അപമാനിച്ചതിനെതിരെ ന്യായമായ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. എല്ലാവരുടെയും സപ്പോർട്ട് ഇതുവരെയെന്ന പോലെ ഇക്കാര്യത്തിലും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.