ഭർതൃവീട്ടിൽ നിന്ന് ഇറക്കിവിടാൻ ശ്രമം; പൊലീസിന് മുന്നിൽ ആത്മഹത്യ ഭീഷണി മുഴക്കി യുവതി

തിരുവനന്തപുരം അയിരൂപ്പാറയിൽ  ഭാര്യയെ ഭർതൃവീട്ടിൽ നിന്ന് കുടിയിറക്കാൻ പൊലീസ് നടപടി. ഭർതൃമാതാവിന്റെ പരാതിയെ തുടർന്നുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് യുവതിയെ കുടിയിറക്കാൻ പൊലീസെത്തിയത്. എന്നാൽ യുവതിയുടെ ആത്മഹത്യാ ഭീഷണി മുഴക്കി. ഇതോടെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി. തുടർന്ന് വീട്ടിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമത്തിൽ നിന്ന് പൊലീസ് പിന്മാറുകയായുരുന്നു.

ഷംന, ആറ് വയസായ മകൻ, ഇവരുടെ രോ​ഗികളായ മാതാപിതാക്കൾ എന്നിവരാണ് അയിരൂപ്പാറയിലെ മരുതും മൂട്ടിലുള്ള വീട്ടിൽ താമസിക്കുന്നത്. ഭർത്താവ്

ഷാഫിയുടെ പേരിലായിരുന്നു ആദ്യം ഈ വീട്. 2015 ൽ ഷംനയെ ഉപേക്ഷിച്ച്  ഷാഫി മറ്റൊരു വിവാഹം കഴിച്ചു. ഇതിനെത്തുടർന്ന് ഷംന മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവോടെ ഭർതൃ വീട്ടിൽ താമസിക്കുകയായിരുന്നു.

എന്നാൽ ഷംനയുമായി ബന്ധം നിലനിൽക്കെയാണ് ഇയാൾ മറ്റൊരു വിവാഹം കഴിച്ചത്. ശേഷം ഷാഫി തന്റെ അമ്മയുടേ പേരിലേക്ക് ഈ വീടും വസ്തുവും മാറ്റി. ഇതിന് പിന്നാലെ ഷംന ഇവിടെ അനധികൃതമായാണ് താമസിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ നിന്നും ഒഴിപ്പിക്കുന്നതിന് വേണ്ടിയുള്ള അനുകൂലമായ വിധിയും നേടി.

താനുമായുള്ള ബന്ധം നിലനിൽക്കെ ഷാഫി മറ്റൊരു വിവാഹം കഴിച്ചെന്ന് ചൂണ്ടിക്കാട്ടി ഷംന കുടുംബ കോടതിയിൽ പരാതി നൽകിയിരുന്നു. തുടര്ന്ന് 14 ലക്ഷം രൂപ നഷ്ട പരിഹാരം നൽകാൻ കേസില് ഉത്തരവുണ്ടെന്നും ഷംന പറയുന്നു.ഈ തുക നൽകാൻ ഷാഫിയും കുടുംബവും തയ്യാറായിട്ടില്ലെന്ന് ഇവർ പരാതിപ്പെടുന്നു. നേരത്തെ പോത്തൻകോട് പൊലീസിന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ പത്ത് ലക്ഷം രൂപ നൽകാമെന്ന് ഷാഫി സമ്മതിച്ചുവെന്നും ഷംന പറയുന്നു. എന്നാൽ ഇതുവരെയും തനിക്ക് ഒരു പൈസ പോലും നഷ്ട പരിഹാരവും കിട്ടിയിട്ടില്ലെന്നും അവർ പറയുന്നു.

ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള വസ്തു തങ്ങളെ ഇറക്കി വിടാനുള്ള കേസിന്റെ ആവശ്യത്തിനായി ഭർതൃമാതാവിന്റെ പേരിലാക്കിയതാണെന്ന് ഷംന പറയുന്നു. വീട്ടിൽ നിന്നിറങ്ങിയാൽ ആത്മഹത്യയല്ലാതെ മറ്റ് മാർഗമില്ലെന്നും ഷംന പറഞ്ഞു. നാട്ടുകാരും പൊലീസ് നടപടിയെ ശക്തമായി എതിർത്തു. പ്രതിഷേധം ശക്തമായതോടെ പൊലീസ് പിൻവാങ്ങുകയായിരുന്നു. മതിയായ അടിസ്ഥാന സൗകര്യമില്ലാത്ത വീട്ടിൽ നാട്ടുാകരുടെ സഹായം കൊണ്ടാണ് ഷംനയും കുടുംബവും ഇപ്പോള് കഴിയുന്നത്.