കല്ല് ഇട്ടില്ലെങ്കിലും സില്‍വര്‍ ലൈനുമായി മുന്നോട്ട് പോകും; ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് ഒപ്പം സര്‍ക്കാരുണ്ടാകുമെന്ന് കോടിയേരി

സില്‍വര്‍ലൈന്‍ പദ്ധതിക്ക് വേണ്ടി കല്ലിട്ടില്ലെങ്കിലും പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കല്ലിടുന്നത് പ്രശ്‌നമാണെങ്കില്‍ കല്ലിടാതെ സര്‍വേ നടത്തും. നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കേണ്ടതുണ്ടെങ്കില്‍ അത് വര്‍ദ്ധിപ്പിക്കും. ഭൂമി നഷ്ടപ്പെടുന്നവര്‍ക്കൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

എതിര്‍പ്പുകള്‍ ശക്തമായതിനെ തുടര്‍ന്നാണ് സില്‍വര്‍ലൈന്‍ കല്ലിടലില്‍ നിര്‍ത്തിയത്. എന്നാല്‍ പദ്ധതിയില്‍ നിന്നും പിന്നോട്ടില്ല. അസാധ്യമെന്ന് കരുതിയതെല്ലാം സാധ്യമാക്കിയ സര്‍ക്കാരാണിതെന്നും അദ്ദേഹം പറഞ്ഞു. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയെ ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു കോടിയേരിയുടെ പ്രസംഗം.

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷനുകള്‍ കൂട്ടുമെന്നും കോടിയേരി പറഞ്ഞു. കേരളത്തില്‍ വികസനം കുടിലുകളിലെത്തിച്ചത് പിണറായി സര്‍ക്കാരാണ്. റോഡും പാലവും മാത്രമല്ല ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേമ പെന്‍ഷനുകള്‍ക്കും സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് പികെഎസ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.