പാലക്കാട് എംഎൽഎയും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ ആശയക്കുഴപ്പത്തിലാണ് പാർട്ടി നേതൃത്വം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കം രാഹുൽ രാജിവെക്കണമെന്ന ആവശ്യം ശക്തമാക്കുമ്പോൾ രാഹുൽ രാജിവെക്കേണ്ടെന്ന നിലപാടി തന്നെയാണ് മറ്റ് ചില നേതാക്കൾ. എഐസിസി അടക്കം രാഹുലിനെ തള്ളുമ്പോൾ നാണംകെട്ട് ഒടുവിൽ രാജിയിലേക്കോ എന്ന ചോദ്യമാണ് ഉയരുന്നത്.
ശക്തമായ ആരോപണങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്നിട്ടുള്ളത്. രാഹുൽ ഗർഭഛിദ്രം നടത്താൻ നിർബന്ധിക്കുന്നതടക്കം ശബ്ദ സന്ദേശങ്ങൾ പുറത്ത് വന്നു. നിലവിൽ പരാതി ഉയർന്നിട്ടില്ലെങ്കിലും വിഷയം പാർട്ടിക്കാകെ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്. ഇത്തരത്തിൽ ആരോപണം ഉയർന്ന ഒരാൾ എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് തന്നെയാണ് നേതൃത്വം വിലയിരുത്തുന്നത്. മുതിർന്ന കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, കെ മുരളീധരൻ അടക്കം രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന നിലപാടിലാണ്.
മുതിർന്ന നേതാക്കളെല്ലാം രാഹുലിനെ കൈവിട്ടു. രാജി വച്ചില്ലെങ്കിൽ പുറത്താക്കാനും നീക്കമുണ്ട്. ഹൈക്കമാന്റും രാഹുലിനെ കൈയൊഴിഞ്ഞ മട്ടാണ്. പൊതുതാത്പര്യത്തിനൊപ്പം നിൽക്കാനാണ് നീക്കം. അതേസമയം രാഹുൽ രാജിവെക്കണം, പൊതുസേവനം അവസാനിപ്പിക്കണം എന്നടക്കമുള്ള ആവശ്യങ്ങൾ ഉയരുമ്പോഴും രാഹുലിന്റെ നിലപാട് ഇതുവരെയും വ്യക്തമല്ല. തനിക്കെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾ ഒന്നും നിഷേധിച്ചിട്ടുമില്ല. പരാതി വരട്ടെ എന്ന് മാത്രമാണ് രാഹുലിന്റെ നിലപാട്.







