മകളുടെ മുന്നിൽവെച്ച് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസ്; ഭർത്താവ് സുരേഷ് മരിച്ച നിലയിൽ, മൃതദേഹം ചിദംബരം റെയിൽവേ ട്രാക്കിൽ കണ്ടെത്തി

മണ്ണന്തല ഹസീന കൊലപാതകത്തിൽ ഭർത്താവ് സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട്ടിൽ ട്രെയിനിന് മുന്നിൽ ചാടി മരിക്കുകയായിരുന്നു സുരേഷ്. മൃതദേഹം ചിദംബരം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. മകളുടെ മുന്നിൽവെച്ച് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം സുരേഷ് കാറിൽ രക്ഷപ്പെടുകയായിരുന്നു. അതേസമയം മകളോട് ഫോണിൽ ബന്ധപ്പെട്ട് താനും ആത്മഹത്യചെയ്യുമെന്ന് സുരേഷ് പറഞ്ഞതായി ബന്ധുക്കൾ പറയുന്നു.

തന്റെ ഫോൺ കിള്ളിപ്പാലത്ത് കൊടുത്ത ശേഷം കാർ ബാലരാമപുരത്ത് ഇട്ടു, ശേഷം ട്രെയിൻ കയറി തമിഴ്‌നാട്ടിലേക്ക് കടന്നതാകാമെന്ന് പൊലീസ് അറിയിച്ചു. നാലാഞ്ചിറ മഠത്തുനട കെ.ആർ.എ. 158 തിരുപ്പതി ഭവനിൽ വാടകയ്ക്കു താമസിക്കുന്ന ഹസീന(36)യാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട ഇവരുടെ ഭർത്താവ് സുരേഷി(46)നുവേണ്ടി പൊലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. സുരേഷിനെ കണ്ടെത്തുന്നതിനായി സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.

ബുധനാഴ്ച പുലർച്ചെ 5.45-നാണ് സംഭവം. ഹസീനയും സുരേഷും തമ്മിൽ നിരന്തരം വഴക്കുണ്ടാകുമായിരുന്നു. ചൊവ്വാഴ്ച രാത്രിയും വഴക്കുണ്ടായി. ഒരാഴ്ചയായി ഹസീനയെ കാണാനില്ലായിരുന്നു. ഇതുസംബന്ധിച്ച് സുരേഷ് മണ്ണന്തല പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, ചൊവ്വാഴ്ച തിരികെയെത്തിയ ഹസീന സുഹൃത്തിന്റെ വീട്ടിലായിരുന്നെന്നാണ് പറഞ്ഞത്. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. മണ്ണന്തല പോലീസ് ഇരുവരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി അനുനയിപ്പിച്ച് വിട്ടു.

Read more

എന്നാൽ, വീട്ടിൽ തിരിച്ചെത്തിയ ഇരുവരും വഴക്ക്‌ തുടർന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകം നേരിൽക്കണ്ട ഇവരുടെ മൂത്തമകൾ അമൃതാ സുരേഷാണ് ഫോണിൽ വിളിച്ച് മണ്ണന്തല പോലീസിനെ വിവരം അറിയിച്ചത്. കൊലപാതകത്തിനുശേഷം കത്തി കുളിമുറിയിൽ കൊണ്ടുപോയി കഴുകിയശേഷം സുരേഷ് കാറിൽ കടന്നുകളയുകയായിരുന്നു. ഹസീനയും സുരേഷും ഇവരുടെ നാലു മക്കളും ബന്ധുവായ സ്ത്രീയ്ക്കൊപ്പം അഞ്ചുമാസം മുൻപാണ് ഈ വീട്ടിൽ താമസിക്കാൻ എത്തിയത്.