സംസ്ഥാന സര്‍ക്കാര്‍ പിന്തുണയോടെ പമ്പാതീരത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തിയ ആഗോള അയ്യപ്പസംഗമത്തിലെ കണക്കുകളില്‍ പൊരുത്തക്കേട്. അയപ്പസംഗമം നടത്തിയതിലെ വരവുചെലവു കണക്കുകളില്‍ കണ്ടെത്തിയ പൊരുത്തക്കേടുകളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന ഓഡിറ്റ് വകുപ്പും വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. സ്വതന്ത്ര ഓഡിറ്റിങ്ങില്‍ കണ്ടെത്തിയ പൊരുത്തക്കേടുകളില്‍ ഫെബ്രുവരി 27-നകം വിശദീകരണം നല്‍കാനാണ് ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്.
ജി.എസ്.ടി., ഇന്‍പുട്ട് ടാക്സ് ഇനങ്ങളിലും പൊരുത്തക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടിയത്. ദേവസ്വം ബോര്‍ഡിനുവേണ്ടി വിജയന്‍ ആന്‍ഡ് അസോസിയേറ്റ് എന്ന ചാര്‍ട്ടേഡ് അക്കൗണ്ട് സ്ഥാപനമാണ് ഓഡിറ്റിങ് നടത്തിയത്. അയ്യപ്പസംഗമത്തിന്റെ നടത്തിപ്പ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കുകീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന് ടെന്‍ഡറില്ലാതെ കരാര്‍ ചെയ്തത് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതിഥികള്‍ക്ക് നല്‍കാനായി 4100 പായ്ക്കറ്റ് വീതം അപ്പം, അരവണ, വിഭൂതി, മഞ്ഞള്‍, കുങ്കുമം, ആടിയശിഷ്ടം നെയ്, ഒരു കിലോ ചന്ദനം എന്നിവ കരുതിയിരുന്നു. ഇവയുടെ തുക രേഖപ്പെടുത്തിയിട്ടില്ല. ഉപകരാര്‍ കൊടുത്തതിന്റെ ബില്ലുകള്‍ ഓഡിറ്റിങ്ങിന് കിട്ടിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അയ്യപ്പസംഗമത്തിനുള്ള തുക സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തുമെന്നാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും പറഞ്ഞിരുന്നത്. എന്നാല്‍, ഇത് പൂര്‍ണമായും സാധിക്കാതെവന്നതോടെ ബോര്‍ഡിന് 3.40 കോടി രൂപ ചെലവഴിക്കേണ്ടിവന്നു. അഞ്ചുകോടി രൂപയാണ് സംഗമത്തിന് ആകെ ചെലവ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ആറുകോടിയിലേറെ ചെലവായി എന്നാണ് ഓഡിറ്റിങ്ങിലുള്ളത്.
Read more
ആഗോള അയ്യപ്പ സംഗമത്തിന് വാഗ്ദാനം ചെയ്തിരുന്ന തുക നല്‍കാതെ സ്‌പോണ്‍സര്‍മാര്‍ പിന്മാറിയതിന് പിന്നില്‍ ശബരിമല സ്വര്‍ണക്കൊള്ള വിവാദമെന്ന വിശദീകരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രംഗത്തെത്തിയിട്ടുണ്ട്. വിവിധ സ്ഥാപനങ്ങളും വ്യക്തികളും വാഗ്ദാനം ചെയ്തിരുന്ന പന്ത്രണ്ട് കോടി രൂപ സ്വര്‍ണക്കൊള്ള വിവാദം വന്നതിന് പിന്നാലെ നല്‍കാന്‍ പലരും വിസമ്മതിച്ചുവെന്നാണ് വാദം. കൊടുത്ത പണത്തിന് പോലും മതിയായ രേഖകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മുഖം രക്ഷിക്കാനുള്ള ബോര്‍ഡിന്റെ വിശദീകരണം.







