ശിവസേനയുമായി സഖ്യമുണ്ടാക്കി ഭരിക്കുന്ന കോൺഗ്രസിന് എന്തേ ഉവൈസിയോട് ഇത്ര അറപ്പ്?: സമസ്ത നേതാവ്

ബിഹാർ തിരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഉവൈസി മതേതര വോട്ടുകൾ ഭിന്നിപ്പിച്ചു എന്ന് പറയുന്നവരെ വിമർശിച്ച് സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്. ഇന്ത്യൻ പാർലമെന്റിൽ പൗരത്വ നിയമം ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾക്കെതിരെ അഗ്നിസ്ഫുലിംഗമായി ജ്വലിച്ചു നിന്ന ധീരനായ പാർലമെന്റ് മെമ്പറാണ് അസദുദ്ദീൻ ഉവൈസി എന്ന് അബ്ദുൽ ഹമീദ് ഫെയ്സ്ബുക്കിൽ കുറിച്ചു.

അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

ഉവൈസിയെ ക്രൂശിക്കുന്നവരോട്

ഇന്ത്യൻ പാർലമെന്റിൽ പൗരത്വ നിയമം ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾക്കെതിരെ അഗ്നി സ്ഫുലിംഗമായി ജ്വലിച്ചുനിന്ന ധീരനായ പാർലമെന്റ് മെമ്പറാണ് അസദുദ്ദീൻ ഉവൈസി. ഏറ്റവും അവസാനം സാമ്പത്തിക സംവരണത്തിനെതിരെ വോട്ട് ചെയ്ത ഇന്ത്യൻ പാർലമെൻറിലെ മൂന്ന് അംഗങ്ങളിൽ ഒരാൾ ഉവൈസിയായിരുന്നു. മറ്റു രണ്ടു പേർ മുസ്‌ലിം ലീഗുകാരും.

ഇപ്പോൾ ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ എല്ലാവരും ഉവൈസിക്കെതിരെ തിരിഞ്ഞിരിക്കുന്നു. ഉവൈസി മതേതര വോട്ടുകൾ ഭിന്നിപ്പിച്ചുവത്രേ. ഉവൈസിയുടെ പാർട്ടിയെ വിശാലസഖ്യത്തിലുൾപ്പെടുത്താൻ ഒരു മതേതര പാർട്ടിയും തയ്യാറാകാതെ മാറ്റിനിർത്തിയപ്പോൾ മതേതര വോട്ട് ഭിന്നിക്കുമെന്ന ചിന്ത ഉണ്ടായിരുന്നില്ലേ.? ശിവസേനയുമായി സഖ്യമുണ്ടാക്കി ഭരിക്കുന്ന ‘ശുദ്ധ’ മതേതര പാർട്ടിയായ കോൺഗ്രസിന് എന്തേ ഉവൈസിയോട് ഇത്ര അറപ്പ്.?

അദ്ദേഹം മുസ്ലിമാണ്. അദ്ദേഹത്തിന്റെ പാർട്ടി മുസ്ലിം ന്യൂനപക്ഷം ഉൾപ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണല്ലേ? മതേതരക്കാർ ഉവൈസിയുടെ പാർട്ടിയെ നാലു കാതം അകലെ നിർത്തിയപ്പോൾ ഒറ്റക്ക് മത്സരിച്ച് അഞ്ചു സീറ്റ് ഉവൈസിയുടെ പാർട്ടി തനിച്ച് നേടി. ഒരു മണ്ഡലത്തിൽ ബി.ജെ.പിയെയാണത്രേ അദ്ദേഹം തോൽപ്പിച്ചത്.

ഉവൈസി മാറിനിന്ന് വോട്ട് ചോർത്താതിരുന്നാൽ ഒരുപക്ഷേ മതേതര മുന്നണി കഷ്ടിച്ച് ജയിച്ചേക്കാം. ശരി സമ്മതിച്ചു. പക്ഷേ, കോൺഗ്രസുൾപ്പെടെയുള്ള മതേതര പാർട്ടികളുടെ എം.എൽ.എമാർ എത്ര മാസം ഈ മുന്നണിയിൽ ഉറച്ചു നിൽക്കും? ബി.ജെ.പി വിലക്കെടുക്കും എന്ന് ഭയപ്പെട്ടിട്ടല്ലേ വിജയസാധ്യതയുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് മാറ്റിയത്.? ഉവൈസിയെ പോലെ മതബോധവും, മതേതര ബോധവും, ന്യൂനപക്ഷ ദളിത് താല്പര്യമുള്ള നേതാക്കൾ ഉത്തരേന്ത്യയിൽ ഉയർന്നു വരട്ടെ.