ബോട്ട് അപകടത്തിന് ഉത്തരവാദികൾ ആരൊക്കെ; താനൂർ ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

താനൂർ ബോട്ട്  ദുരന്തത്തിൽ  സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. പോർട്ട് ഓഫീസറോട് ഇത് സംബന്ധിച്ച് കോടതി റിപ്പോർട്ട് ചോദിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബഞ്ചാണ് ബന്ധപ്പെട്ട പോർട്ട് ഓഫീസറോട്  റിപ്പോർട്ട്  തേടിയത്. സംസ്ഥാനത്ത് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഫലപ്രദമായ നടപടികൾ ഇതുവരെയും എടുത്തിട്ടില്ല. മാരിടൈെം ബോർഡിന്റെ കീഴിലുള്ള  പോർട്ട് ഓഫീസറാണ് വിശദീകരണം നൽകേണ്ടത്.

ബോട്ടപകടത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർ ആരൊക്കെയെന്നും കോടതി  വിമർശിച്ചു. സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. 22 പേർ  കൊല്ലപ്പെട്ട സംഭവത്തിൽ കണ്ണടച്ചിരിക്കാനാകില്ല. ഇത്തരം സംഭവങ്ങൾ കേരളത്തിൽ ആദ്യമായിട്ടല്ല നടക്കുന്നത്.നിരവധി അന്വേഷണങ്ങളും  കണ്ടെത്തലുകളും  പരിഹാര നിർദേശങ്ങളും മുമ്പും ഉണ്ടായിട്ടുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.സമാനസംഭവങ്ങൾ ആവർത്തിക്കപ്പെടുന്നു.ഇതിന് അധികൃതരും ഉത്തരവാദികളാണെന്ന് കോടതി നിരീക്ഷിച്ചു.

സർവീസ് നടത്താൻ ബോട്ടുടമക്ക്   ഉദ്യഗസ്ഥതലത്തിൽ സഹായം ലഭിച്ചിട്ടുണ്ടാകുമെന്നും കോടതി വിമർശിച്ചു .അതേ സമയം ബോട്ടപകടത്തിന് പറ്റി അന്വേഷിക്കാൻ പ്രത്യക അന്വേഷണസംഘത്തെ നിയോഗിച്ച് ഡിജിപി അനിൽ കാന്ത് ഉത്തരവിട്ടു. ഉത്തരമേഖല ഐജി നീരജ് കുമാർ  ഗുപ്തയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും അന്വേഷണം.

Read more

15 കുട്ടികളടക്കം 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിൽ ബോട്ടുടമ നാസറിനെതിരെ  പോലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഐപിസി 302 വകുപ്പാണ് ചുമത്തിയിരിക്കുന്നത്.കേസിൽ പ്രതികളായ ബോട്ടിന്റെ ജീവനക്കാരും  സ്രാങ്കും ഒളിവിലാണ് ഇവർക്കായി അന്വേഷണം പുരോഗമിച്ച് വരികയാണ്.