രാത്രി ഗുഡ് നൈറ്റ് പറയുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഗുഡ് മോര്‍ണിംഗ് പറയുമ്പോള്‍ ബി.ജെ.പി: പരിഹസിച്ച് മുഹമ്മദ് റിയാസ്

ബിജെപിയെ വിമര്‍ശിച്ച് കോണ്‍ഗ്രസിനെതിരെ രൂക്ഷപരിഹാസവുമായി മന്ത്രി മുഹമ്മദ് റിയാസ്. മോദി വരുമ്പോള്‍ കോണ്‍ഗ്രസ് കേരളത്തില്‍ ജീവിച്ചിരിപ്പുണ്ടോയെന്നാണ് സംശയമെന്ന് റിയാസ് പരിഹസിച്ചു. ഇപ്പോള്‍ വന്ദേ ഭാരത് മംഗലാപുരത്ത് എത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും കോണ്‍ഗ്രസ് മത നിരപേക്ഷ മനസുകളെ വഞ്ചിക്കുകയാണെന്നും റിയാസ് പറഞ്ഞു.

‘കോണ്‍ഗ്രസിന്റെ മുഖ്യ ശത്രു ആരാണ്? സംസ്ഥാന സര്‍ക്കാരും എല്‍ഡിഎഫുമാണ് മുഖ്യമന്ത്രി ശത്രുവെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അണികളോട് പറയുന്നത്. രാത്രി ഗുഡ് നൈറ്റ് പറയുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഗുഡ് മോര്‍ണിംഗ് പറയുമ്പോള്‍ ബിജെപിയാണ്.’

‘വന്ദേ ഭാരത് കേരളത്തിന്റെ അവകാശമാണ്, അത് കേന്ദ്രത്തിന്റെ ഔദാര്യമല്ല. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള റെയില്‍ പാത വിപുലീകരിയ്ക്കാതെ വന്ദേഭാരത് എക്‌സ്പ്രസിന് വേഗത്തിലോടാന്‍ കഴിയില്ല. പാത വിപുലീകരിക്കാന്‍ പക്ഷേ ഒരു നടപടിയും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല.’

‘റെയില്‍വേയുടെ കാര്യത്തില്‍ കടുത്ത അവഗണനയാണ് കേരളത്തിന് നേരിടേണ്ടി വന്നിട്ടുള്ളത്. വന്ദേ ഭാരത് കെ റൈയിലിന് ബദലല്ല. കെ- റെയില്‍ കേരളത്തിന് അനിവാര്യമാണ്. സില്‍വര്‍ ലൈന്‍ അടഞ്ഞ അദ്ധ്യയമല്ലെന്ന് കേന്ദ്രമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി റിയാസ് കണ്ണൂരില്‍ ഡിവൈഎഫ്‌ഐ പരിപാടിയില്‍ പങ്കെടുത്ത് പറഞ്ഞു.