തരൂരിന് എന്താ കൊമ്പുണ്ടോ? തരൂര്‍ നിലപാട് തിരുത്തണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കെ റെയില്‍ വിഷയത്തില്‍ ശശി തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി. തരൂര്‍ 19 യുഡിഎഫ് എംപിമാരില്‍ ഒരാള്‍ മാത്രമാണ്. തരൂരിന് കൊമ്പൊന്നും ഇല്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. അടുത്ത തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ ഇറങ്ങിയാല്‍ കോണ്‍ഗ്രസും യുഡിഎഫും അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇറങ്ങില്ലെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ മുന്നറിയിപ്പ് നല്‍കി.

തരൂര്‍ ഒരു വിശ്വ പൗരനാണ്. പക്ഷെ കാര്യങ്ങള്‍ തിരിച്ചറിയാന്‍ ഉള്ള കഴിവില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. തരൂരിന് പാര്‍ലമെന്റില്‍ മത്സരിക്കാന്‍ സീറ്റ് കൊടുത്തത് പിണറായി വിജയനല്ല, കോണ്‍ഗ്രസാണ്. അദ്ദേഹത്തെ ജയിപ്പിച്ച് അയച്ചത് കോണ്‍ഗ്രസും യുഡിഎഫുമാണ്. റെയില്‍വേ മന്ത്രിക്ക് നല്‍കാനുള്ള കോണ്‍ഗ്രസ് നിവേദനം എല്ലാവരും വായിച്ച് നോക്കിയ ശേഷമാണ് ഒപ്പ് വെച്ചത്. അത് വായിച്ച ശേഷമാണ് തരൂര്‍ ഒപ്പ് വെയ്ക്കില്ല എന്ന് പറഞ്ഞത്. വായിച്ച് നോക്കിയില്ല എന്ന തരൂരിന്റെ വാദം ശുദ്ധ അസംബന്ധമാണ്. കേരളത്തിലെ മുഴുവന്‍ എം.പിമാര്‍ക്കും ഒപ്പിടാമെങ്കില്‍ അദ്ദേഹത്തിന് ഒപ്പിട്ട് കൂടേയെന്നും അദ്ദേഹത്തിന് എന്താ കൊമ്പുണ്ടോയെന്നും ഉണ്ണിത്താന്‍ ചോദിച്ചു.

സ്വര്‍ണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളില്‍ ചാഞ്ഞാല്‍ അത് വെട്ടി കളയണം. കെ റെയില്‍ വിഷയത്തില്‍ തരൂര്‍ നിലപാട് തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉറങ്ങുന്നവരെ ഉണര്‍ത്താം, ഉറക്കം നടിക്കുന്നവനെ ഉണര്‍ത്താന്‍ കഴിയില്ല. ഇക്കാര്യത്തില്‍ തരൂര്‍ ഉറക്കം നടിക്കുകയാണെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.

കെ റെയിലിനെ എതിര്‍ക്കുന്നവരെ മുഖ്യമന്ത്രി വികസനവിരോധികളാക്കി മുദ്ര കുത്തുകയാണ്. കുമ്മനവും പിണറായിയും അളിയനും അളിയനുമായാണ് ആറന്മുള വിമാനത്താവളത്തെ എതിര്‍ത്തത്. സുനന്ദ പുഷ്‌കര്‍ കേസില്‍ സിപിഎം തരൂരിനെ കുടുക്കാന്‍ ശ്രമിച്ചപ്പോള്‍ തരൂരിന്റെ കൂടെ നിന്നത് കോണ്‍ഗ്രസാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു.