തലയറുത്താലും മോദിയ്ക്ക് മുന്നില്‍ തലകുനിയ്ക്കില്ലെന്ന് അസ്മ ഖാത്തൂന്‍, രാജ്ഭവനെ നിശ്ചലമാക്കി വെല്‍ഫെയര്‍ പാര്‍ട്ടി ഉപരോധം

തിരുവനന്തപുരം: പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി നടത്തുന്ന ഉപരോധ സമരം പുരോഗമിയ്ക്കുന്നു. ചൊവ്വാഴ്ച രാവിലെ ഏഴ് മുതല്‍ ആരംഭിച്ച രാജ്ഭവന്‍ ഉപരോധം തുടര്‍ച്ചയായ 30 മണിക്കൂറുകള്‍ തുടരും. ഡല്‍ഹി ഷാഹിന്‍ ബാഗിലെ സമര നായിക ബിവി അസ്മ ഖാത്തൂന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു.

പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മുസ്ലിം വിഭാഗങ്ങളെ മാത്രം പൗരത്വത്തില്‍ നിന്ന് പുറത്താക്കാനുള്ള പദ്ധതിയാണ്. അതുമായി ബന്ധപ്പെട്ട സമരങ്ങല്‍ ജാമിഅ മില്ലിയയില്‍ അടിച്ചമര്‍ത്തപ്പെട്ടപ്പോഴാണ് ഷാഹീന്‍ ബാഗില്‍ ഞങ്ങള്‍ ഉമ്മമാര്‍ സമരമാരംഭിച്ചത്. അതുകൊണ്ടു തന്നെ ഈ പൗരത്വ ഭേദഗതി പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് അവര്‍ പറഞ്ഞു. തന്റെ 10 തലമുറയുടെ പേര് തനിയ്ക്ക് പറയാനാകുമെന്നും മോദിയ്ക്കും കൂട്ടര്‍ക്കും നാല് തലമുറയുടെ പേരെങ്കിലും പറയാനാകുമോയെന്ന് അവര്‍ ചോദിച്ചു. പൗരത്വ പ്രക്ഷോഭത്തിന്റെ പേരില്‍ തലയറുത്താലും മോദിയ്ക്ക് മുന്നില്‍ തലകുനിയ്ക്കില്ലെന്ന് അസ്മ ഖാത്തൂന്‍ കൂട്ടിചേര്‍ത്തു.

ജാമിഅ മില്ലിയ വിദ്യാര്‍ഥി സമരേനതാവ് ആയിഷാ റെന്നക്ക് ഭരണഘടനയുടെ ആമുഖം കൈമാറിയായിരുന്നു ഉദ്ഘാടനംനിര്‍വഹിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉല്‍ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.

Read more

അടൂര്‍ പ്രകാശ് എം.പി, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍, റസാഖ് പാലേരി, ഡോ. അന്‍സാര്‍ അബൂബക്കര്‍, കെ ഹനീഫ, ജബീന ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.