വാര്‍ത്ത ചാനലുകള്‍ കാണാനാളില്ല; പ്രേക്ഷകര്‍ പകുതിയായി; ജനം ടിവി മുന്നോട്ട് കയറിയപ്പോള്‍ റിപ്പോര്‍ട്ടര്‍ ടിവി പിന്നോട്ട് വീണു; ഏഷ്യാനെറ്റ് ന്യൂസിന്റെ റേറ്റിങ്ങില്‍ വലിയ തിരിച്ചടി

കോവിഡിന് ശേഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത് ന്യൂസ് ചാനലുകളാണ്. കൊറോണ കാലത്ത് പകുതിയില്‍ അധികം പ്രേക്ഷകരാണ് ന്യൂസ് ചാനലുകളെ കൈവിട്ടത്. പലരും യുട്യൂബ് ചാനലുകളുടെ വാര്‍ത്തകള്‍ക്ക് പിന്നാലെ പോയതാണ് ഒരളവുവരെ മുന്‍നിര ന്യൂസ് ചാനലുകള്‍ക്ക് വരെ ഭീഷണിയായത്. കൊവിഡിന് ശേഷം ന്യൂസ് ചാനല്‍ പ്രേക്ഷകരുടെ എണ്ണം അളക്കുന്ന ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റ് (ടിആര്‍പി) പകുതിയിലേക്ക് താഴുകയായാണ് ഉണ്ടായത്.

ഇതില്‍ ഏഷ്യാനെറ്റ് ന്യൂസിന് മാത്രമാണ് അല്‍പമെങ്കിലും പ്രേക്ഷകരെ പിടിച്ചു നിര്‍ത്താന്‍ സാധിച്ചത്. കഴിഞ്ഞ ആഴ്ചയിലെയും ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 33 ആഴ്ചയിലെ ടിആര്‍പിയില്‍ ഒന്നാമത് നില്‍ക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന് തന്നെ 18.41 പോയിന്റിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

എങ്കിലും ടിആര്‍പിയില്‍ ഒന്നാം സ്ഥാനമെന്ന കുത്തക ഏഷ്യാനെറ്റ് ന്യൂസ് ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല. 32 ആഴ്ചയില്‍ 117.25 പോയിന്റുമായാണ് ഏഷ്യാനെറ്റ് ന്യൂസിന് ഉണ്ടായിരുന്നത്. 31 ആഴ്ചയില്‍ 117.41 പോയിന്റും ഏഷ്യാനെറ്റ് ന്യൂസ് നേടിയിരുന്നു. എന്നാല്‍, 33 ആഴ്ചയിലെ റേറ്റിങ്ങ് പുറത്തുവന്നപ്പോള്‍ 99 പോയിന്റുകള്‍ നേടാന്‍ മാത്രമാണ് ചാനലിനായത്.

പതിവ് പോലെ രണ്ടാം സ്ഥാനത്തുള്ളത് 24 ന്യൂസാണ്. എന്നാല്‍, കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് വന്‍ ഇടിവാണ് ടിആര്‍പിയില്‍ ചാനലിന് ഉണ്ടായിരിക്കുന്നത്. ട്വന്റി ഫോറിന് കേവലം 79 പോയിന്റുകള്‍ നേടാനെ സാധിച്ചിട്ടുള്ളൂ. 32 ആഴ്ചയില്‍ 95.05 പോയിന്റുമായാണ് 24 രണ്ടാം സ്ഥാനത്ത് എത്തിയത്. 31-ാം ആഴ്ചയില്‍ ടിആര്‍പിയില്‍ 98.14 പോയിന്റാണ് ചാനലിന് ലഭിച്ചിരുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 33 ആഴ്ചയില്‍ വന്‍ ഇടിവാണ് ചാനലിന് സംഭവിച്ചിരിക്കുന്നത്.

മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന മനോരമയ്ക്കും വലിയ മുന്നേറ്റം കഴിഞ്ഞ ആഴ്ച ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. മനോരമ ന്യൂസ് 56 പോയിന്റുകള്‍ നേടാന്‍ മാത്രമാണ് സാധിച്ചത്. 32 ആഴ്ചയില്‍ മനോരമയ്ക്ക് 65.05 പോയിന്റുകളാണ് ടിആര്‍പിയില്‍ ഉണ്ടായിരുന്നത്. നാലം സ്ഥാനത്തുള്ള മാതൃഭൂമി ന്യൂസിന്റെയും സ്ഥിതി വ്യത്യസ്തമല്ല. മാതൃഭൂമി ന്യൂസിന് 43 പോയിന്റുകളാണ് ലഭിച്ചത്. 32 ആഴ്ചയില്‍ 49.05 പോയിന്റാണ് ചാനലിന് ലഭിച്ചത്.

പുതിയ സാങ്കേതിക വിദ്യയോടെ സംപ്രേക്ഷണം ആരംഭിച്ച റിപ്പോര്‍ട്ടര്‍ ടിവിയെ പിന്നിലേക്ക് അടിച്ചുകൊണ്ട് അഞ്ചാംസ്ഥാനത്തേക്ക് സംഘപരിവാര്‍ ചാനലായ ജനം ടിവി എത്തിയിട്ടുണ്ട്. 22 പോയിന്റുമായാണ് ജനം ടിവി അഞ്ചാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. 32 ആഴ്ചയില്‍ 21.03 പോയിന്റോടെ ആറാം സ്ഥാനത്തായിരുന്നു ജനം ടിവി. പ്രേക്ഷകരുടെ എണ്ണത്തില്‍ വലിയ ഇടിവ് ഇക്കുറി സംഘപരിവാര്‍ ചാനലിന് സംഭവിച്ചിട്ടില്ല.

21 പോയിന്റുമായി ആറാം സ്ഥാനത്ത് റിപ്പോര്‍ട്ടര്‍ ടിവിയാണ്. 32 ആഴ്ചയിലെ മുന്നേറ്റം ചാനലിന് നിലനിര്‍ത്താന്‍ സാധിക്കാത്തതോടെയാണ് ചാനല്‍ റാങ്കിങ്ങില്‍ പിന്നോട് ഇറങ്ങിയത്. സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ന്യൂസാണ് ഏഴാം സ്ഥാനത്തുള്ളത്. ചാനലിന് 20 പോയിന്റുകളാണ് ഉള്ളത്. 32 ആഴ്ചയില്‍ കെരളി ന്യൂസിന് 20.75 പോയിന്റുകളാണ് ഉണ്ടായിരുന്നത്.

എട്ടാം സ്ഥാനം പതിവ് പോലെ ന്യൂസ് 18 കേരളയ്ക്കാണ്. ടിആര്‍പിയില്‍ 14പോയിന്റുകളാണ് ചാനല്‍ നേടിയിരിക്കുന്നത്. 32 ആഴ്ചയില്‍ ന്യൂസ്18ന് 14.40 പോയിന്റുകളാണ് ഉണ്ടായിരുന്നത്. ഏറ്റവും പിന്നിലായി രാജ് ന്യൂസ് മലയാളമാണുള്ളത്. ടിആര്‍പിയില്‍ 0.33 പോയിന്റുകളാണ് ചാനലിനുള്ളത്.