വയനാട് ഉരുൾപൊട്ടൽ; പോത്തുകൽ ചാലിയാർ പുഴകളിൽ ഒഴുകിയെത്തിയത് പത്തിലധികം മൃത​ദേഹങ്ങൾ

വയനാട് മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരൽമലയിലും ഉണ്ടായ വന്‍ ഉരുള്‍ പൊട്ടലില്‍ മണരണസംഖ്യ ഉയരുന്നു. ഉരുൾ പൊട്ടലിന് പിന്നാലെ പോത്തുകൽ ചാലിയാർ പുഴകളിൽ ഒഴുകിയെത്തിയത് നിരവധി മൃതദേഹങ്ങളാണ്. ഉരുൾപൊട്ടലിൽ ചാലിയാറിൽ ജനനിരപ്പ് ഉയരുകയാണ്. ചാലിയാറിലേക്ക് വലിയ വേഗത്തിൽ വെള്ളം ഇരച്ചെത്തുകയാണ്. അതേസമയം ചാലിയാറിനു പുറമെ ഇരുവഴിഞ്ഞിയിലും ജലനിരപ്പ് ഉയരുകയാണ്.

ചാലിയാറിൽ നിലമ്പൂർ ഭാഗത്ത് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഒരു കുട്ടിയുടെ മൃതദേഹം മുളങ്കാട്ടിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ്. ഒരു പുരുഷൻ്റെ മൃതദേഹം തല അറ്റ രീതിയിലും കണ്ടെത്തിയിട്ടുണ്ട്. തിരിച്ചറിയാനാകാത്ത നിലയിലാണു മൃതദേഹമുള്ളത്. പോത്തുകൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ചാലിയാർ പുഴയിൽനിന്ന് ആറ് മൃതദേഹങ്ങൾ ലഭിച്ചു.

മലവെള്ളപ്പാച്ചിൽ തുടരുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമാക്കുകയാണ്. വയനാട് ഇന്നുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തമാണ് ഉണ്ടായത്. മുണ്ടക്കൈയിലെ 400ലധികം കുടുംബങ്ങളാണ് ഒറ്റപ്പെട്ടുകിടക്കുന്നത്. ഉരുള്‍പൊട്ടലില്‍ ചൂരല്‍മലയിലെ പാലം തകര്‍ന്നു. അപകടം നടന്ന ഭാഗത്ത് നിരവധി ഹോം സ്റ്റേകളും പ്രവര്‍ത്തിക്കുന്നുണ്ട്. അട്ടമല ഭാഗത്ത് ഉള്‍പ്പെടെയാണ് ഹോം സ്റ്റേകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ താമസിച്ചിരുന്ന വിനോദ സഞ്ചാരികളെ ഉള്‍പ്പെടെ കാണാതായതായി വിവരം ഉണ്ട്. ചൂരല്‍മലയിലെ ഹോം സ്റ്റേയില്‍ താമസിച്ച രണ്ട് ഡോക്ടര്‍മാരെയും കാണാതായതായി വിവരമുണ്ട്.

നിരവധി പേരെ പരിക്കുകളോടെ മേപ്പാടി വിംസ് ആശുപത്രിയിലേക്ക് മാറ്റി. 33 പേരാണ് ഇവിടെ ചികിത്സയിലുള്ളത്.മുണ്ടക്കൈയില്‍ മാത്രം നാനൂറോളം കുടുംബങ്ങളാണുള്ളത്. അട്ടമലയിലെ വീടുകളെല്ലാം ഒലിച്ചുപോയെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഉരുള്‍പൊട്ടലില്‍ ചൂരല്‍മല വെള്ളാര്‍മല ജിവിഎച്ച്എസ്എസ് സ്കൂള്‍ ഒലിച്ചുപോയി. അപകടത്തില്‍പെട്ടവരുടെ ചികിത്സ ഉറപ്പാക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി. കാഷ്വാലിറ്റിയിൽ കൂടുതൽ ഡോക്ടർമാരെ നിയോഗിച്ചു. അവധിയിൽ ഉള്ളവരോട് തിരികെ ജോലിയിൽ എത്താൻ നിർദേശം നൽകിയിട്ടുണ്ട്.

Read more