ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാം ഇന്ന് വീണ്ടും തുറക്കാൻ സാദ്ധ്യത

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാം ഇന്ന് വീണ്ടും തുറക്കാൻ സാധ്യത. ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകി. ഇന്ന് രാവിലത്തെ ജലനിരപ്പ് കൂടി വിലയിരുത്തിയ ശേഷം ഡാം തുറക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ മാധ്യമങ്ങളെ അറിയിച്ചു.

2398.46 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇത് 2399.03 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. നിലവില്‍ ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. റൂള്‍ കര്‍വ് അനുസരിച്ച് അപ്പര്‍ റൂള്‍ ലവലായ 2400.03 അടിയിലേക്ക് ജലനിരപ്പ് എത്തിയാല്‍ മാത്രം അണക്കെട്ട് തുറന്നാല്‍ മതിയെന്നാണ് കെഎസ്ഇബി തീരുമാനിച്ചിരിക്കുന്നത്. തുറക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി സെക്കന്റില്‍ ഒരു ലക്ഷം ലിറ്ററോളം വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനാണ് നിശ്ചയിച്ചിരിക്കുന്നത്. 30 ദിവസത്തിനിടെ മൂന്നാം തവണയാണ് ഡാം തുറക്കാന്‍ പോകുന്നത്.

പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് ജില്ലാ കളക്ടര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതിനാല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.25 അടിയിലെത്തി. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. സെക്കൻഡിൽ 3967 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്‌നാട് കൊണ്ടുപോകുന്നത് 467 ഘനയടി വെള്ളമാണ്. റൂൾ കർവ് പ്രകാരം ഡാമിൽ പരമാവധി സംഭരിക്കാൻ കഴിയുന്ന വെള്ളത്തിന്റെ അളവ് 141 അടിയാണ്.