വി.എസ് അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു, സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. വി.എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

വിഎസിന്റെ മകന്‍ വി.എ.അരുണ്‍കുമാറിന്റെ കുറിപ്പ്

മഹാമാരിയുടെ പിടിയില്‍ പെടാതെ, ഡോക്ടര്‍മാരുടെ നിര്‍ദേശം കര്‍ശനമായി പാലിച്ച് വീട്ടില്‍ കഴിച്ചുകൂട്ടിയ അച്ഛനും കോവിഡ് പോസിറ്റീവായിരിക്കുന്നു. സന്ദര്‍ശകരെപ്പോലും അനുവദിക്കാതെ, ഒരര്‍ഥത്തില്‍ ക്വാറന്റീനിലായിരുന്നു അച്ഛന്‍. നിര്‍ഭാഗ്യവശാല്‍ അച്ഛനെ പരിചരിച്ച നഴ്‌സിന് കോവിഡ് പോസിറ്റീവായി. ഇന്നലെ പരിശോധിച്ചപ്പോള്‍ അച്ഛനും കോവിഡ് പോസിറ്റീവ്. ആരോഗ്യവിദഗ്ധരുടെ നിര്‍ദേശം പാലിച്ച് അച്ഛനിപ്പോള്‍ ആശുപത്രിയിലാണ്. സുഖവിവരമന്വേഷിച്ച് നിരവധി പേര്‍ വിളിക്കുന്നുണ്ട്. സ്‌നേഹാന്വേഷണങ്ങള്‍ക്ക് നന്ദി.

വി.എസ് രണ്ടു ഡോസ് വാക്‌സിന്‍ എടുത്തിരുന്നു. മാര്‍ച്ച് ആറിനാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്നും വി.എസ് ആദ്യഡോസ് സ്വീകരിച്ചത്.

കൊവിഷില്‍ഡ് വാക്‌സിനാണ് വി.എസിന് നല്‍കിയത്. ആദ്യഡോസ് സ്വീകരിച്ച് 42 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തിരുന്നു.