‘പോരാളി ഷാജി’ക്ക് എതിരെ പരാതി നൽകി വി.എം സുധീരൻ

പോരാളി ഷാജി ഫേസ്ബുക്ക് പേജിനെതിരെ പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തന്റെ ചിത്രംവെച്ച് അപകീർത്തികരമായ പോസ്റ്ററുകൾ പ്രചരിപ്പിച്ചതിനെതിരെയാണ് പരാതി. സംസ്ഥാന പൊലീസ് മേധാവിക്കും മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമാണ് സുധീരൻ പരാതി നൽകിയത്.

എടതിരിഞ്ഞി വായനശാല ചർച്ചാവേദി, ‘പോരാളി ഷാജി’ എന്നീ ഫേസ്ബുക്ക് പേജുകളിലാണ് തന്റെ പേരിൽ അപകീർത്തികരമായ പ്രസ്താവനകൾ പ്രചരിക്കുന്നതെന്ന് സുധീരൻ പരാതിയിൽ ചൂണ്ടിക്കാട്ടി. ഇത് വാർത്തയായി നൽകിയ ഓൺലൈൻ മാധ്യമത്തിനെതിരേയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

സുധീരന്റെ പ്രസ്താവനകള്‍ എന്ന് പറഞ്ഞാണ് അപകീര്‍ത്തിപരമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത്. ഇത് വ്യാജമാണെന്നും ഇത്തരത്തിലൊരു പ്രസ്താവന താന്‍ നടത്തിയിട്ടില്ലെന്നും സുധീരൻ പരാതിയില്‍ പറയുന്നു.

പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും വി.എം സുധീരന്‍ ആവശ്യപ്പെട്ടു. പരാതി അന്വേഷിക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ടീക്കാറാം മീണ അറിയിച്ചു.