വിഴിഞ്ഞം പ്രതിഷേധം: മുഖ്യമന്ത്രിയുമായി ചര്‍ച്ച വേണമെന്ന് ലത്തീന്‍ അതിരൂപത, പിന്തുണച്ച് കോഴിക്കോട് രൂപതയും

സര്‍ക്കാരുമായി ചര്‍ച്ച നടത്തിയതിന് ശേഷവും വിഴിഞ്ഞത്ത് സമരം ശക്തം. കടലാസില്‍ എഴുതിയ ഉറപ്പുകള്‍ വിശ്വസിക്കില്ലെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. തങ്ങളുടെ അടിസ്ഥാന പ്രശ്‌നം തുറമുഖ നിര്‍മാണമാണെന്നും അത് നിര്‍ത്തി വെയ്ക്കണം എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ലത്തീന്‍ അതിരൂപത സഹായ മെത്രാന്‍ ക്രിസ്തുദാസ് പറഞ്ഞു.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി വൈകാതെ ചര്‍ച്ച വേണം എന്നാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. സമരത്തിന് പിന്നില്‍ ബാഹ്യശക്തികളാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷ കെ.സുരേന്ദ്രന്റെ ആരോപണം അദ്ദേഹം തള്ളി. കൂടംകുളം എന്താണെന്ന് പോലും അറിയാത്തവരാണ് സമരം നടത്തുന്നതെന്നും ലത്തീന്‍ അതിരൂപത സഹായ മെത്രാന്‍ പറഞ്ഞു.

ഇതിനിടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോഴിക്കോട് രൂപതയും രംഗത്തെത്തി. തിരുവനന്തപുരത്തെ തീര സമരത്തിന് കോഴിക്കോട് രൂപത പിന്തുണ പ്രഖ്യാപിക്കുന്നതായി ബിഷപ്പ് ഡോക്ടര്‍ വര്‍ഗീസ് ചക്കാലയ്ക്കല്‍ പറഞ്ഞു.

സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നം ഉടന്‍ പരിഹരിക്കണം. പദ്ധതിക്ക് എതിരല്ല. അതുമൂലം ഉണ്ടാകുന്ന പ്രശ്‌നം പരിഹരിക്കണം. സമരം സര്‍ക്കാറിന് എതിരല്ല. ജനങ്ങളുടെ പ്രശ്‌നം സര്‍ക്കാറിനെ അറിയിക്കാനാണ് സമരമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം, ഇടുക്കി അടക്കമുള്ള മലയോര ജില്ലകളില്‍ നിന്നുള്ളവരും സമരത്തിന് പിന്തുണ അറിയിച്ച് എത്തിയിട്ടുണ്ട് .