രാത്രിയില്‍ പണപിരിവുമായി ഹൈവേ പൊലീസ്, വിജിലന്‍സിനെ കണ്ടതോടെ വാഹനവുമായി ഡ്രൈവര്‍ മുങ്ങി

സംസ്ഥാനത്ത് രാത്രി പരിശോധനയുടെ പേരില്‍ ഹൈവേ പൊലീസ് പണപിരിവ് നടന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിജലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ കുടുങ്ങി. നെയ്യാറ്റിന്‍കരയില്‍ വിജിലന്‍സ് സംഘത്തെ കണ്ട് പൊലീസ് വാഹനവുമായി ഡ്രൈവര്‍ മുങ്ങിയതോടെ എസ്‌ഐ അടക്കമുള്ള ഉദ്യോഗസ്ഥരെ അവസാനം വിജിലന്‍സിന് തിരികെ പോകാന്‍ സഹായിക്കേണ്ടി വന്നു.

ഹൈവേ പൊലീസ് ചരക്ക് ലോറികള്‍ തടഞ്ഞ് നിര്‍ത്തി വ്യാപകമായി പണപ്പിരിവ് നടത്തുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരേ സമയത്ത് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. ഹൈവേ പൊലീസ് വാഹനങ്ങളില്‍ നിന്നും കണക്കില്‍പെടാത്ത 14000 രൂപ പിടിച്ചെടുത്തതായി വിജിലന്‍സ് അറിയിച്ചു. സിഗരറ്റ് പായക്കറ്റിലും സീറ്റിനടിയിലും പൊലീസ് പണം ഒളിപ്പിച്ചിരുന്നു.

ചിലര്‍ ഇട റോഡുകളില്‍ വാഹനം ഒതുക്കിയിട്ട് ഉറങ്ങുകയായിരുന്നു. ഇവരെയും വിജിലന്‍സ് പിടികൂടി. മദ്യപിച്ച എസ്‌ഐയെ തൃശൂരില്‍ നിന്നും സംഘം പിടികൂടി.