ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കി: പിണറായി വിജയൻ

വാല്പാറയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് കുട്ടികളടക്കം 10 പേർക്ക് ദാരുണാന്ത്യം. മിനി വാന്‍ മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ പൊള്ളാച്ചി ഗവ. ആശുപത്രിയിലേക്ക് മാറ്റി. 13 പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം.

പാറമ്മൽ എൽപി സ്കൂളിലെ അധ്യാപകരാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം പാങ്ങിൽ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു അധ്യാപകർ. തിരിച്ച് പോകും വഴിയായിരുന്നു അപകടം.

സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.