ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിധി; അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ സര്‍ക്കാരും കന്യാസ്ത്രീയും നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ബിഷപ്പിനെ വെറുതെവിട്ട വിചാരണ കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് കോടതിയെ സമീപിച്ചിരിക്കുന്നത്. നിയമപരവും, വസ്തുതാ പരവുമായ തെറ്റുകള്‍ കേസിന്റെ വിധിയില്‍ സംഭവിച്ചിട്ടുണ്ട്. പ്രോസിക്യൂഷന്‍ തെളിവുകള്‍ കോടതി വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്നും, വിധി റദ്ദാക്കണമെന്നും അപ്പീലില്‍ പറഞ്ഞു.

ബലാത്സംഗ കേസില്‍ ഇക്കഴിഞ്ഞ ജനുവരി 14നാണ് ഫ്രാങ്കോ മുളക്കലിനെ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയത്. എല്ലാ കുറ്റത്തില്‍ നിന്നും ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. ഇതിന് പിന്നാലെ അപ്പീലിന് പോകുമെന്ന് പ്രോസിക്യൂഷനും, അന്വേഷണ സംഘവും പറഞ്ഞിരുന്നു

നിയമപരവും, വസ്തുതാ പരവുമായ തെറ്റുകള്‍ കേസിന്റെ വിധിയില്‍ സംഭവിച്ചിട്ടുണ്ട് എന്നതടക്കം ഇരുപതിലേറെ കാരണങ്ങള്‍ എ ജി നിയപോദേശം നടത്തിയിരുന്നു. തെളിവുകള്‍ വേണ്ട രീതിയില്‍ വിശകലനം ചെയ്തട്ടില്ലെന്നും, പ്രതിഭാഗത്തിന്റെ തെളിവുകള്‍ മാത്രം മുഖവിലയ്‌ക്കെടുത്തെന്നും ആരോപണമുണ്ട്. കേസില്‍ തെളിവായി സാക്ഷിയായ ഒരാള്‍ നല്‍കിയ യൂട്യൂബ് വീഡിയോ തെളിവായി സ്വീകരിച്ചത് നിയമവിരുദ്ധമാണെന്നും അപ്പീലില്‍ പരാമര്‍ശമുണ്ട്.

കേസില്‍ സംസ്ഥാന പൊലീസ് മേധാവി സര്‍ക്കാരിന് കത്ത് നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അപ്പീലിന് അനുമതി നല്‍കിയത്. ഇതിന് പിന്നാലെയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കിയത്.

Read more

കോട്ടയം കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്നതാണ് കേസ്. 2018 ജൂണ്‍ 27നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്.