ന്യൂനപക്ഷങ്ങള്‍ സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി വളരുന്നു; മുസ്ലീങ്ങള്‍ കുറഞ്ഞ വര്‍ഷം കൊണ്ട് അധികാരത്തില്‍ വന്നു; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്‍

വര്‍ഗീയ വിദ്വേഷ പരാമര്‍ശവുമായി വീണ്ടും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ന്യൂനപക്ഷങ്ങള്‍ സര്‍ക്കാരില്‍ സ്വാധീനം ചെലുത്തിയാണ് വളരുന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മുസ്ലീങ്ങള്‍ കുറഞ്ഞ വര്‍ഷം കൊണ്ട് അധികാരത്തില്‍ വന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

ഈഴവര്‍ വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം മാറുന്നു. ചെത്തുകാരന്റെ പണം കൊണ്ടാണ് ഇടതുപക്ഷ പ്രസ്ഥാനം ഉള്‍പ്പെടെ വളര്‍ന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഉള്ളത് വിറ്റുകളയുന്ന ദുരവസ്ഥയിലാണ് ഈഴവ സമുദായം. ഇവിടെ വോട്ടുബാങ്ക് രാഷ്ട്രീയവും അവസരവാദ രാഷ്ട്രീയവുമാണുള്ളതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

ഈഴവ സമുദായം തഴയപ്പെടുന്നു. ഈഴവ സമുദായത്തിന്റെറെ കണ്ണീരൊപ്പാന്‍ ഒരു സോദരനെയും കാണുന്നില്ല. കോണ്‍ഗ്രസില്‍ ഒരു ഈഴവ എംഎല്‍എ മാത്രമേ ഉള്ളൂ. ആദര്‍ശ രാഷ്ട്രീയം മരിച്ചു, അതിനായി നിലകൊള്ളുമ്പോള്‍ തഴയപ്പെട്ടത് ഈഴവര്‍. വോട്ട് ബാങ്കുള്ള സമുദായത്തെ പിന്തുണയ്ക്കാനും സ്ഥാനാര്‍ത്ഥിയാക്കാനും ആളുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. എറണാകുളത്തെ എസ്എന്‍ഡിപി പരിപാടിയിലായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം.