തിരഞ്ഞെടുപ്പ് വിഷയത്തില്‍ അന്തിമ വിജയം എനിക്ക്, രാഷ്ട്രീയം ചര്‍ച്ചയായില്ല ; മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയെക്കുറിച്ച് വെള്ളാപ്പള്ളി നടേശന്‍

മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി എസ്എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന സ്വകാര്യ റിസോര്‍ട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. സൗഹൃദ കൂടിക്കാഴ്ച്ചയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടശേഷമുള്ള എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.

രാഷ്ട്രീയം ചര്‍ച്ചയായില്ലെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു.എസ് എന്‍ ഡി പി യോഗം തിരഞ്ഞെടുപ്പും ചര്‍ച്ച ചെയ്തില്ലെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ് എന്‍ ഡി പി യോഗം തിരഞ്ഞെടുപ്പില്‍ അന്തിമ വിജയം തനിക്കായിരിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു.

സമുദായാംഗങ്ങളായ എല്ലാവര്‍ക്കും വോട്ടവകാശം നല്‍കിക്കൊണ്ടുള്ള ഹൈക്കോടതി വിധി മറികടക്കാന്‍ സംസ്ഥാനസര്‍ക്കാരിനെ സമീപിക്കാന്‍ എസ്എന്‍ഡിപി യോഗം തീരുമാനിച്ചിരുന്നു. കമ്പനി നിയമത്തില്‍ ഇളവ് തേടി സംസ്ഥാനസര്‍ക്കാരിനെ സമീപിക്കാനാണ് യോഗം തീരുമാനിച്ചിരിക്കുന്നത്.

1974-ല്‍, കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പ്രത്യേക ഇളവ് വാങ്ങിയാണ് പ്രാതിനിധ്യ വോട്ടവകാശ രീതിയുമായി നേതൃത്വം മുന്നോട്ടുപോയത്. വെള്ളാപ്പള്ളി നടേശന്‍ ജനറല്‍ സെക്രട്ടറിയായ ശേഷം 1999-ല്‍, 200 പേര്‍ക്ക് ഒരു വോട്ട് എന്ന രീതിയില്‍ ഭരണഘടനാഭേദഗതിയും കൊണ്ടുവന്നു. എന്നാല്‍ കമ്പനി നിയമപ്രകാരം കേന്ദ്ര ഇളവ് ബാധകമല്ലെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതോടെ സംഘടനയിലെ 32 ലക്ഷം അംഗങ്ങളും വോട്ടെടുപ്പിന്റെ ഭാഗമാകണം.

വിധി മറികടക്കാന്‍ ഡിവിഷന്‍ ബെഞ്ചിലോ സുപ്രീംകോടതിയിലോ അപ്പീല്‍ പോകാനായിരുന്നു വെള്ളാപ്പള്ളി വിഭാഗത്തിന്റെ തീരുമാനം. എസ്എന്‍ഡിപിയുടെ സംഘടനാ തെരഞ്ഞെടുപ്പ് ഇനി സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ ആശ്രയിച്ചിരിക്കും. ഈ സാഹചര്യത്തില്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചക്ക് പ്രാധാന്യമേറെയാണ്.