IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഗുജറാത്ത് ടൈറ്റന്‍സിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി. വിരാട് കോഹ്ലിയും ഫാഫ് ഡു പ്ലെസിസും ചേര്‍ന്ന് 5.5 ഓവറില്‍ 92/0 എന്ന സ്‌കോറിലെത്തിയെങ്കിലും, ആതിഥേയര്‍ പിന്നീട് ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. എന്നിരുന്നാലും, ദിനേഷ് കാര്‍ത്തിക് തന്റെ ടീമിന് അനുകൂലമായി കളി അവസാനിപ്പിക്കാന്‍ സമര്‍ത്ഥമായി കളിച്ചു.

മത്സരത്തില്‍ കോഹ്‌ലി 27 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും സഹിതം 42 റണ്‍സ് നേടി. ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഫ്രാഞ്ചൈസിക്കെതിരെ 155.55 സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിംഗ്. എന്നിരുന്നാലും കോഹ്‌ലിയുടെ ഇഴഞ്ഞ ബാറ്റിംഗ് ശൈലി ഏറെ വിമര്‍ശിക്കപ്പെടുന്നുണ്ട്. കോഹ്‌ലി ആക്രമണോത്സുകമായി കളിക്കുന്നില്ലെന്നും സിംഗിള്‍സ്, ഡബിള്‍സ് ശതമാനം ആര്‍സിബിയെ കുഴപ്പത്തിലാക്കുന്നുവെന്നും പലരും കരുതുന്നു.

എന്നാല്‍, മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ് എല്ലാ അവകാശവാദങ്ങളും തള്ളി. വിരാട് ഒരു ഇതിഹാസമാണെന്നും അദ്ദേഹം എല്ലാം ശരിയായി ചെയ്യുന്നുണ്ടെന്നും വിമര്‍ശിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ആരുടെയും മുന്നില്‍ വിരാട് സ്വയം തെളിയിക്കേണ്ടതില്ലെന്നും അദ്ദേഹത്തിന്റെ സ്‌കോറിംഗ് നിരക്ക് തികച്ചും മികച്ചതാണെന്നും ഹര്‍ഭജന്‍ പറഞ്ഞു.

വിരാട് കോഹ്‌ലി കളിയിലെ ഇതിഹാസമാണ്. ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെയാണ് അദ്ദേഹം. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഇവരുടെ റണ്ണുകള്‍ നോക്കിയാല്‍ ഈ മൂന്ന് പേരെയും നിങ്ങള്‍ക്ക് കുറ്റപ്പെടുത്താനാവില്ല. ആരുടെയും മുന്നില്‍ വിരാട് സ്വയം തെളിയിക്കേണ്ടതില്ല. അദ്ദേഹത്തിന്റെ സ്‌കോറിംഗ് നിരക്ക് തികച്ചും മികച്ചതാണ്. നിങ്ങള്‍ക്ക് അദ്ദേഹത്തെ ചോദ്യം ചെയ്യാം, അയാള്‍ കുറച്ചുകൂടി ആക്രമണോത്സുകനായിരിക്കണമെന്ന് പറയാം, പക്ഷേ നിങ്ങള്‍ക്ക് അവനെ ആക്ഷേപിക്കാനാവില്ല- ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.