ശബരിമല സമരം ആര്‍ക്ക് വേണ്ടിയായിരുന്നു; നവോത്ഥാന സംരക്ഷണ സമിതി യോഗത്തില്‍ വെള്ളാപ്പള്ളി നടേശന്‍

യുവതി പ്രവേശനത്തിന് എതിരെ നടന്ന ശബരിമല സമരം ആര്‍ക്ക് വേണ്ടിയായിരുന്നുവെന്ന ചോദ്യമുന്നയിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. സമരം കൊണ്ട് ആര്‍ക്കെന്ത് ഗുണമാണ് ഉണ്ടായത്. സമരത്തില്‍ പങ്കെടുത്തവര്‍ കേസില്‍ കുരുങ്ങി കഴിയുകയാണ്. ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയെ എല്ലാവരും പിന്തുണച്ചതാണ്. മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത നവോത്ഥാന സംരക്ഷണ സമിതി യോഗത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

ശബരിമല സമരത്തോട് ആദ്യമേ എസ്എന്‍ഡിപിക്ക് യോജിപ്പില്ലായിരുന്നു. മൂന്ന് തമ്പ്രാന്മാര്‍ ചേര്‍ന്നാണ് ആ സമരമുണ്ടാക്കിയത്. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം മുന്‍പത്തേക്കാളും വര്‍ധിച്ചു, ഇതില്‍ ബിജെപിയെ മാത്രം പറയാനില്ല.

സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്ക് പിന്തുണ നല്‍കാനും തിരുത്തേണ്ടത് തിരുത്താനുമാണ് നവോത്ഥാന സമിതിയെന്നും വെള്ളപ്പള്ളി കൂട്ടിച്ചേര്‍ത്തു.അതിനിടെ നവേത്ഥാന സമിതി കണ്‍വീനര്‍ സ്ഥാനം പുന്നല ശ്രീകുമാര്‍ ഒഴിഞ്ഞു.

നവോത്ഥാന സംരക്ഷണ സമിതി കേരളത്തില്‍ നടത്തുന്നത് മാതൃകാപരമായ പ്രവര്‍ത്തിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പറഞ്ഞു. ഇത് വരെ സംഘടന എന്ന നിലയ്ക്ക് സമിതിക്ക് നിയമാവലി ഇല്ല. സമിതിക്ക് നിയമാവലി വേണം, ഭരണഘടനാ സംരക്ഷണം പ്രധാന അജണ്ടയാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.