ഷൈൻ ടോം ചാക്കോയുടെ ലഹരിക്കേസ് പരോക്ഷമായി സഭയിൽ പരാമർശിച്ച് വിഡി സതീശൻ; പൊലീസ് വീഴ്ചയെന്ന് ആരോപണം

നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട ലഹരിക്കേസ് പരോക്ഷമായി നിയമസഭയിൽ പരാമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെ കുറ്റപത്രം സമർപ്പിച്ചത് കൊണ്ടാണ് കേസിലെ പ്രതികളെ വെറുതെ വിട്ടതെന്ന് വിഡി സതീശൻ ആരോപിച്ചു. പ്രതികളെ സഹായിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും കെക്കെയ്ൻ കേസിലെ പ്രതികളെ വെറുതെ വിട്ട പത്രവാർത്ത പരാമർശിച്ച് സതീശൻ പറഞ്ഞു.

ഇന്നലെയായിരുന്നു കെക്കെയ്ൻ കേസിൽ ഷൈൻ ടോം ചാക്കോ ഉൾപ്പെടെയുള്ളവരെ കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്. ‘കൊക്കെയിൻ കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടിരിക്കുകയാണ്. എൻഡിപിഎസ് കേസിൽ കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെ കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്. സഹായിക്കാൻ കൊടുത്തതാണ്’- എന്നാണ് പ്രതിപക്ഷ നേതാവിന്റെ പരാമർശം.

പൊലീസ് അതിക്രമവും വീഴ്ചയും ഉന്നയിച്ച് പ്രതിപക്ഷ നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് നടത്തിയ വാക്ക്ഔട്ട് പ്രസംഗത്തിലാണ് വിഡി സതീശൻ ഇക്കാര്യം പരാമർശിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ഗുണ്ടകളുടെ സമ്മേളനം നടത്തുകയാണ്. വധശ്രമക്കേസ് പ്രതിയെ പത്തനംതിട്ടയിൽ പാർട്ടിയിലേക്ക് സ്വീകരിച്ചില്ലേ. ബർത്ത് ഡേ പാർട്ടി ആഘോഷിച്ചില്ലേ. ഗുണ്ടകൾ നടത്തുന്ന പരിപാടിയിൽ മുഖ്യാതിഥി പൊലീസ് ഉദ്യോഗസ്ഥരാണ്. ക്രിമിനലുകളുമായി നെക്‌സസുള്ള പൊലീസുകാരുടെ എണ്ണം വർധിക്കുന്നുവെന്നും വിഡി സതീശൻ പറഞ്ഞു.

നെന്മാറയിലേത് പൊലീസ് അനാസ്ഥയാണ്. പെൺകുഞ്ഞുങ്ങൾ വന്ന് പരാതി പറയുമ്പോൾ ആരായാലും നടപടിയെടുക്കില്ലേ? പൊലീസിന്റെ കാഴ്ച്ച നഷ്ടപ്പെട്ടോ? പൊലീസുകാർ ലഹരിയിലാണോ? സ്ത്രീകളെ ഉൾപ്പെടെ തല്ലുന്നതാണോ പൊലീസ്. പൊലീസിന്റെ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചു. പൊലീസ് സംവിധാനത്തിന് മേൽ നിയന്ത്രണം വേണം. സംസ്ഥാനത്ത് ക്രിമിനലുകൾ അഴിഞ്ഞാടുന്നുവെന്നും വിഡി സതീശൻ പറഞ്ഞു.

Read more

പിന്നാലെ തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ് മറുപടി നൽകി. പൊലീസ് പിടിച്ചതും ശിക്ഷിച്ചതും കാണില്ല. വെറുതെ വിട്ടതുമാത്രമെ കാണൂ. മൈക്രോസ്‌കോപ്പുമായി നടക്കുകയാണ് പ്രതിപക്ഷ നേതാവ് എന്നായിരുന്നു എംബി രാജേഷിന്റെ മറുപടി.