'പിണറായി പകൽ സിപിഎമ്മും രാത്രി ബിജെപിയുമാകും'; നവകേരള സദസ് അശ്ലീല സദസെന്ന പരാമർശം പിൻവലിക്കില്ലെന്നും വി ഡി സതീശൻ

നവകേരള സദസ്സ് അശ്ലീല സദസ്സാണെന്ന തന്റെ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നതായി വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാവപ്പെട്ടവരെ മറന്ന് കോടികളുടെ ധൂർത്ത് നടത്തുന്ന നവകേരള സദസ് അശ്ശീല സദസെന്നാണ് പറഞ്ഞത്. അതിൽ ഉറച്ചു നിൽക്കുന്നുവെന്നും പിന്മാറില്ലെന്നും വിഡി സതീശൻ പറഞ്ഞു.

മഹാരാജാവ് എഴുന്നള്ളുമ്പോൾ സ്കൂൾ മതിലുകളും കെട്ടിടങ്ങളും പൊളിഞ്ഞ് വീഴുന്നത് സ്വാഭാവികം. തന്റെ മണ്ഡലത്തിലെ സ്കൂൾ മതിൽ പൊളിച്ചതും രാജാവിന് സ്വതന്ത്രമായി കടന്ന് വരാനാണെന്നും വിഡി സതീശന്‍ പരിഹസിച്ചു. പകൽ സിപിഎമ്മും രാത്രി ബിജെപിയുമാവുന്ന പിണറായി കോൺഗ്രസിനെ പഠിപ്പിക്കാൻ വരേണ്ടതില്ലെന്നും സതീശൻ വിമർശിച്ചു.

കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിൽ ബി.ജെ.പിയെക്കാൾ കൂടുതൽ സന്തോഷിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സി.പി.എം പ്രതിനിധിയെ ഇന്ത്യ മുന്നണിയുടെ ഭാഗമാക്കാതിരിക്കാൻ യെച്ചൂരിയെപ്പോലും സമ്മർദത്തിലാക്കിയ നേതാവാണ് മുഖ്യമന്ത്രി. ലാവ്‌ലിൻ കേസ് സുപ്രീം കോടതി പരിഗണിക്കാൻ വൈകുന്നത് ഇതുമായി ചേർത്ത് വായിക്കണമെന്നും സതീശൻ പറഞ്ഞു.