പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കോടികൾ വിലയുള്ള അമൂല്യ വസ്തുക്കൾ കാണാതായി, 78 ഗ്രാം സ്വർണവും 'വൈര നമ' വജ്രാഭരണവും കാണാനില്ല

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് 78 ഗ്രാം സ്വർണ്ണക്കട്ടികളും നാണയങ്ങളും ഉൾപ്പെടെ കോടികൾ വിലമതിക്കുന്ന അമൂല്യവസ്തുക്കൾ കാണാതായി. സ്വർണവിളക്ക് അറ്റകുറ്റപ്പണികൾക്കായി മാറ്റിയെങ്കിലും അത് പിന്നീട് കാണാതായെന്നാണ് സംസ്ഥാന പൊലീസ് മേധാവി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ പറയുന്നത്. ക്ഷേത്രത്തിലെ കാണിക്കയായി ലഭിച്ചതാണ് സ്വർണ്ണക്കട്ടികളും നാണയങ്ങളും.

സ്വർണവിളക്കിന് പകരം വെള്ളിവിളക്ക് സ്ഥാപിച്ചുവെന്നും ‘വൈര നമ’ എന്ന ആഭരണം ആറ് മാസമായി കാണാനില്ലെന്നും കത്തിൽ പറയുന്നു. ക്ഷേത്രത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായെന്നും കത്തിൽ പറയുന്നുണ്ട്. കത്തിന്റെ പകർപ്പ് പുറത്തു വന്നിട്ടുണ്ട്.

വിശ്വാസികൾ സംഭാവന നൽകിയ 78 ഗ്രാം സ്വർണത്തിലും കുറവുണ്ട്. ക്ഷേത്രത്തിലെ നിലവറയ്ക്ക് പുറത്തുള്ള മുഴുവൻ സ്വർണവും വെള്ളിയും ഉടനടി സ്‌ട്രോങ് റൂമിലേയ്ക്ക് മാറ്റണമെന്നാണ് ഡിജിപി നിർദേശം നൽകിയിരിക്കുന്നത്. വിശ്വാസികൾ സംഭാവനയായി നൽകുന്ന മുഴുവൻ വസ്തുക്കളും ലോക്കറിലേയ്ക്ക് മാറ്റി പൊലീസ് കാവൽ ഏർപ്പെടുത്തണം. ഒരാളെ പോലും സൂക്ഷ്മപരിശോധന കൂടാതെ ക്ഷേത്രത്തിലേയ്ക്ക് പ്രവേശിപ്പിക്കരുതെന്നും നിർദേശമുണ്ട്.

ക്ഷേത്രത്തിലെ ചില ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും രാജകുടുംബവുമായി അടുപ്പമുള്ളവരും മറ്റൊരു പ്രവേശനകവാടത്തിലൂടെ സുരക്ഷാ പരിശോധനകൾ ഒഴിവാക്കി ക്ഷേത്രത്തിലേയ്ക്ക് കടക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ആദിത്യവർമയുമായി ബന്ധമുള്ള ചില വ്യക്തികൾ സുരക്ഷാ ക്രമീകരണം മറികടന്ന് ക്ഷേത്രത്തിൽ കയറുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Read more