തോറ്റതിനു പിന്നാലെ പുതുപ്പള്ളിയില്‍ വോട്ടുകച്ചവടം ആരോപിച്ച് വിഎൻ വാസവൻ ; ബിജെപിയുടെ അയ്യായിരത്തോളം വോട്ടുകള്‍ കോണ്‍ഗ്രസിന് വിറ്റെന്ന് ആരോപണം

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിനുപിറകെ വോട്ടുകച്ചവടം ആരോപിച്ച് സിപിഎം ക്യാമ്പ്. മന്ത്രി വിഎൻ വാസവനാണ് ആരോപണവുമായി രംഗത്തെത്തിയത്. ബിജെപിയുടെ അയ്യായിരത്തോളം വോട്ടുകള്‍ കോണ്‍ഗ്രസിന് വിറ്റെന്നാണ് മന്ത്രി വി എന്‍ വാസവന്റെ ആരോപണം.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ പരാജയത്തിന് പിന്നാലെയാണ് വോട്ടുകച്ചവടം നടന്നെന്ന ആരോപണവുമായി മന്ത്രി വി എന്‍ വാസവന്‍ രംഗത്തെത്തിയത്.

ജനവിധി മാനിക്കുന്നുവെന്ന് വി എന്‍ വാസവന്‍ മാധ്യമങ്ങളോട് പറഞ്ഞു. പുതുപ്പള്ളിയില്‍ ചിട്ടയായ പ്രവര്‍ത്തനം നടത്താന്‍ സാധിച്ചു. എല്‍ഡിഎഫ് അടിത്തറ തകര്‍ന്നിട്ടില്ല എന്ന് തെളിയിക്കാനായെന്നും വി എന്‍ വാസവന്‍ പറഞ്ഞു.

അതേ സമയം എല്‍ഡിഎഫിന്റെ അടിസ്ഥാന വോട്ട് ചോര്‍ന്നിട്ടില്ലെന്ന് ജെയ്ക് സി തോമസ് പറഞ്ഞു. 41, 9282 വോട്ട് ലഭിച്ചു. സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ കഴിഞ്ഞു. ബിജെപിയുടെ വോട്ടുകള്‍ വ്യാപമായി ചോര്‍ന്നിട്ടുണ്ട്. ബി ജെ പി യും കോണ്‍ഗ്രസും ഒത്തൊരുമിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചോയെന്ന് പരിശോധിക്കണമെന്നും ജെയ്ക് ആരോപിച്ചു.