വി കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു; സ്ഥലമുടമയെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

പയ്യന്നൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുന്‍ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു. സ്ഥലം ഉടമയെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയതിനെതുടര്‍ന്നാണ് പൊളിച്ചതെന്ന്് പരാതി. ഭവിഷത്ത് നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും വി കുഞ്ഞികൃഷ്ണനൊപ്പമുള്ള സിപിഎം വിമതര്‍ ആരോപിച്ചു. ഓഫീസിന് സ്ഥലം കൊടുക്കരുതെന്ന് ചിലര്‍ പറഞ്ഞതായി സ്ഥലം ഉടമയും പറഞ്ഞു. തങ്ങള്‍ കാരണം മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് കരുതിയാണ് പൊളിച്ച് നീക്കിയതെന്നും ജനാധിപത്യത്തെ പൂര്‍ണമായും അട്ടിമറിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും വി കുഞ്ഞികൃഷ്ണന്‍ ആരോപിച്ചു.

പയ്യന്നൂര്‍ കോത്തായി മുക്കിലായിരുന്നു ഓഫീസ് നിര്‍മാണം. ഭീഷണിയെതുടര്‍ന്ന് ഓഫീസ് പൊളിക്കുകയായിരുന്നു. ഭീഷണിയുണ്ടെന്നും ഓഫീസ് പൊളിച്ച് നീക്കിതരണമെന്നും ഉടമ ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് നീക്കം ചെയ്തതെന്ന് വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

താന്‍ തുറന്ന് സംസാരിക്കാന്‍ തീരുമാനിച്ചത് മുതല്‍ വലിയ കള്ളപ്രചാരണമാണ് ആരംഭിച്ചത്. അതൊന്നും ജനങ്ങള്‍ക്കിടയില്‍ ഏശിയില്ലെന്നും താന്‍ കോണ്‍ഗ്രസിലേക്കും ബിജെപിയിലേക്കും പോകുന്നുവെന്ന തരത്തിലുള്ള പ്രചാരണമടക്കം നടത്തിയെങ്കിലും ജനങ്ങള്‍ അതൊന്നും മുഖവിലക്കെടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. സ്ഥലം കണ്ടെത്തി ഉടമയുമായി സംസാരിച്ച് താത്കാലിക ഓഫീസ് നിര്‍മിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സ്ഥലം ഉടമ വിളിച്ചു ഭീഷണി നേരിടുന്നതായി പറഞ്ഞത്. ഓഫീസ് ഒന്ന് പൊളിച്ച് മാറ്റിത്തരണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നുവെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു