എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യത്തെ സ്വാഗതംചെയ്ത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഐക്യമെന്നത് ഉറപ്പാണെന്നും എസ്എന്‍ഡിപിയെ പെരുന്നയിലേക്ക് സ്വാഗതം ചെയ്യുന്നതായും സുകുമാരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്‍എസ്എസും എസ്എന്‍ഡിപിയും ഹിന്ദുസമുദായത്തിലെ പ്രബലസമുദായങ്ങളാണെന്നും അവര്‍ യോജിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. അത് വെള്ളാപ്പള്ളി ഉന്നയിക്കുന്നു, നമ്മള്‍ അത് സ്വാഗതംചെയ്യുന്നുവെന്നും പറഞ്ഞ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഐക്യം തുടരുമെന്നും പറഞ്ഞു. എന്‍എസ്എസുമായുള്ള ഐക്യത്തിന് എസ്എന്‍ഡിപി യോഗം കൗണ്‍സിലില്‍ അംഗീകാരം നല്‍കിയെന്ന് വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചതിന് പിന്നാലെയായിരുന്നു ജി. സുകുമാരന്‍ നായരുടെയും പ്രതികരണം.
എസ്എന്‍ഡിപിയും എന്‍എസ്എസും തമ്മിലുള്ള ഐക്യം ബലപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. എന്‍എസ്എസിന്റെ അടിസ്ഥാനമൂല്യങ്ങള്‍ക്ക് കോട്ടംവരാത്ത രീതിയില്‍ എന്‍എസ്എസും എസ്എന്‍ഡിപിയും യോജിച്ചുപോകുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ജി. സുകുമാരന്‍ നായര്‍ വീണ്ടും ആക്ഷേപിച്ചു. വി.ഡി. സതീശന്‍ വലിയ ഉമ്മാക്കിയൊന്നും അല്ലെന്നും വെറുതെ കോണ്‍ഗ്രസുകാര്‍ പറഞ്ഞ് പെരുപ്പിക്കുന്നതാണെന്നുമാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്.
‘ സതീശനെ വലുതാക്കി ഉയര്‍ത്തിക്കാണിക്കേണ്ട കാര്യം എന്താണ്? കെപിസിസി പ്രസിഡന്റിനെ അല്ലേ ഉയര്‍ത്തിക്കാണിക്കേണ്ടത്. ആരാ വര്‍ഗീയതയ്ക്ക് പോകുന്നത്? ഞങ്ങളാരും പോയിട്ടില്ല. പക്ഷേ, അവരെല്ലാം സൗകര്യംപോലെ രാഷ്ട്രീയമുതലെടുപ്പിന് വേണ്ടി വര്‍ഗീയത കാണിക്കുന്നു. കോണ്‍ഗ്രസില്‍നിന്ന് അനുനയനീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. കൊടിക്കുന്നില്‍ വന്ന് തിരിച്ചുപോയി എന്നത് ചാനലില്‍നിന്ന് കേട്ടതാണ്. ഇങ്ങനെ നടന്നെന്ന് അദ്ദേഹം പിന്നീട് എന്നെ വിളിച്ചു പറഞ്ഞു. സതീശന് ഇവിടെ വലിയ ഉമ്മാക്കി ഒന്നും അല്ലേന്നെ, വെറുതെ കോണ്‍ഗ്രസുകാര്‍ പറഞ്ഞ് പെരുപ്പിക്കുന്നതല്ലേ”,
എസ്എന്‍ഡിപിയില്‍ നിന്നുള്ളവര്‍ വരട്ടെയെന്നും അവര്‍ വരുമ്പോള്‍ കാര്യങ്ങള്‍ സംസാരിച്ച് എങ്ങനെ വേണമെന്ന് തീരുമാനിക്കുമെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. അവരുമായുള്ള ചര്‍ച്ച കഴിഞ്ഞിട്ട് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം വിളിച്ചുകൂട്ടി ഈ കാര്യങ്ങളെല്ലാം അവിടെ വിശദീകരിക്കും. അവിടെ തീരുമാനമെടുത്തിട്ട് പറയും. ഐക്യമെന്നത് ഉറപ്പാണെന്നും ഐക്യം എന്ന ആശയത്തോട് യോജിക്കുന്നത് വ്യക്തിപരമായാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. അത് എന്‍എസ്എസിന്റെ ആധികാരികമായ യോഗത്തില്‍ അവതരിപ്പിച്ച് അത് അംഗീകരിച്ച് എടുപ്പിക്കുക എന്നത് തന്റെ ഔദ്യോഗിക ചുമതലയാണെന്നും അത് ചെയ്യുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
സംവരണവിഷയത്തില്‍ കുറച്ച് അനൈക്യം ഉണ്ടായി. അതിനുശേഷം രണ്ടുസംഘടനകളും യാതൊരു അഭിപ്രായവ്യത്യാസവുമില്ലാതെ പോവുകയാണ്. ഇപ്പോള്‍ അത് ബലപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമായതുകൊണ്ട് എന്‍എസ്എസും എസ്എന്‍ഡിപിയും അത് അംഗീകരിക്കുന്നു. എന്‍എസ്എസും എസ്എന്‍ഡിപിയും ഹിന്ദുസമുദായത്തിലെ പ്രബലസമുദായങ്ങളാണ്. അവര്‍ യോജിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അത് വെള്ളാപ്പള്ളി ഉന്നയിക്കുന്നു. നമ്മള്‍ അത് സ്വാഗതംചെയ്യുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഐക്യം തുടരും”.
Read more
ഐക്യത്തിനെതിരേ സംസാരിക്കുന്നവരെ പുച്ഛിച്ച് തള്ളുന്നതായും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു. ”വൈകീട്ടാകുമ്പോള്‍ കുറേ യോഗ്യന്മാര്‍ തോന്നിയതൊക്കെ വിളിച്ചുപറയുന്നുണ്ട്. അതിന് മറുപടിയില്ല. അതെല്ലാം പുച്ഛിച്ച് തള്ളുന്നു. ഇത് വര്‍ഗീയതയൊന്നുമല്ല. ഇത് തിരഞ്ഞെടുപ്പിന്റെ പ്രശ്നമാണ്. ഞങ്ങള്‍ക്ക് തിരഞ്ഞെടുപ്പൊന്നും പ്രശ്നമല്ല. ഞങ്ങള്‍ക്ക് സമദൂരമാണ്. ഞങ്ങളുടെ ആളുകള്‍ ഇഷ്ടമുള്ളവര്‍ക്ക് വോട്ട്ചെയ്യുമെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.







