പിണറായിയും ട്വന്റി 20യും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട്: പി. ടി തോമസ്

മുഖ്യമന്ത്രി പിണറായി വിജയനും ട്വന്റി 20 പാര്‍ട്ടിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന് തൃക്കാക്കര എംഎല്‍എ, പി ടി തോമസ്. എറണാകുളത്ത് മാത്രം ട്വന്റി 20 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത് സിപിഎമ്മുമായുള്ള ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണെന്നും ട്വന്റി 20 പാര്‍ട്ടി പിണറായി വിജയന്റെ രാഷ്ട്രീയ ആയുധമാണെന്നും പി ടി തോമസ് ആരോപിച്ചു.

യുഡിഎഫ് കോട്ടയായ എറണാകുളത്ത് എല്‍ഡിഎഫിന് കൂടുതൽ സീറ്റ് പിടിക്കാനാണ് ട്വന്റി 20 സ്ഥാനാര്‍ത്ഥികളെ ഇറക്കിയതെന്ന് പി ടി തോമസ് പറഞ്ഞു. തൃക്കാക്കരയില്‍ എല്‍ഡിഎഫിന് രണ്ട് സ്ഥാനാര്‍ത്ഥികളുണ്ട്. ഒന്നാമത്തെയാള്‍ പാര്‍ട്ടി സ്ഥാനാർത്ഥിയായി വന്നിട്ടുള്ള ജെ ജേക്കബും രണ്ടാമത്തെയാൾ ഡോ. ടെറി തോമസ് എന്ന സ്വകാര്യ സ്ഥാനാര്‍ത്ഥിയുമാണ്. പിണറായിയുടെ അജണ്ടയാണ് ഇതെന്നും പി ടി തോമസ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

2019ലെ പ്രളയകാലത്ത് കിഴക്കമ്പലം കമ്പനിയുടെ എംഡി അല്ലെങ്കില്‍ ചുമതലക്കാരന്‍ അമേരിക്കയില്‍ പോയി പിണറായി വിജയനുവേണ്ടി ഫണ്ട് സംഘടിപ്പിക്കുന്ന ഒരു മീറ്റിങ്ങ് നടത്തിയതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്നും പി. ടി തോമസ് പറഞ്ഞു.