നൂറിലേറെ സീറ്റ് നേടുമെന്ന് യുഡിഎഫ്, ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് എല്‍ഡിഎഫ്; മാറ്റം വേണമെന്ന കാര്യം ജനം ഏറ്റെടുത്തിട്ടുണ്ടെന്ന് ബിജെപി; വോട്ടെടുപ്പിന് ശേഷം ആത്മവിശ്വാസവുമായി മുന്നണികള്‍

ചൂടേറിയ പ്രചാരണത്തിന്റെ ആവേശം പോളിംഗിലും കണ്ടതോടെ ആര് ബാലറ്റ് പെട്ടി തുറക്കുമ്പോള്‍ ചിരിക്കുമെന്ന ഉദ്വേഗത്തിലാണ് കേരളം. രണ്ട് ടേം കൈവിട്ടു പോയ ഭരണത്തിലേക്ക് തിരിച്ചുവരുമെന്ന ആത്മവിശ്വാസം യുഡിഎഫ് ക്യാംപില്‍ പ്രകടമാണ് എന്നാല്‍ മൂന്നാം തുടര്‍ഭരണ പ്രതീക്ഷയാണ് ഇടതു ക്യാംപില്‍ നിറഞ്ഞിട്ടുള്ളത്. നിയമസഭയില്‍ വീണ്ടും പ്രാതിനിധ്യം ഉണ്ടാകുമെന്ന വിശ്വാസത്തിലാണു ബിജെപി. വോട്ടെടുപ്പിന് പിന്നാലെ പ്രാഥമിക വിശകലനം നടത്തി ആത്മവിശ്വാസം പ്രകടമാക്കി കഴിഞ്ഞു മുന്നണികള്‍. ഭരണവിരുദ്ധ വികാരമില്ലെന്നും ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. നൂറിലേറെ സീറ്റ് യുഡിഎഫ് നേടുമെന്ന് പറഞ്ഞത് കൃത്യമായ രാഷ്ട്രീയ വിശകലനത്തിന്റെ പശ്ചാത്തലത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. മാറ്റം വേണമെന്ന കാര്യം ജനം ഏറ്റെടുത്തിട്ടുണ്ടെന്നും ജനങ്ങള്‍ പിന്തുണക്കുമെന്ന് വിശ്വാസമുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും വ്യക്തമാക്കി.

പോളിങ് ബൂത്തിലേക്ക് ആവേശത്തോടെ ജനം ഒഴുകിയതു തരംഗ പ്രതീതിയാണെന്ന് യുഡിഎഫ് വിലയിരുത്തുമ്പോള്‍ സംസ്ഥാനത്ത് തരംഗം ഉള്ളതായി എല്‍ഡിഎഫ് അംഗീകരിക്കുന്നില്ല. യുഡിഎഫ് വിശ്വസിക്കുന്നത് 80- 85 സീറ്റ് ലഭിക്കുമെന്നാണ്. തരംഗം ഉണ്ടായാല്‍ അതിലേറെ എന്നതാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. ഭരണത്തുടര്‍ച്ചയ്ക്ക് ആവശ്യമായ സീറ്റ് ലഭിക്കുമെന്നാണ് സിപിഎമ്മിന്റെ ഇതുവരെയുള്ള വിലയിരുത്തല്‍. 75- 80 സീറ്റാണ് ഇടത് പക്ഷത്തിന്റെ പതീക്ഷ. തിരുവനന്തപുരത്ത് 2 സീറ്റില്‍ താമര വിരിയുമെന്നു ബിജെപി കരുതുന്നു. ചില അട്ടിമറി വിജയങ്ങള്‍ കൂടി ബിജെപി കേന്ദ്രങ്ങള്‍ പ്രവചിക്കുന്നുണ്ട്.

യുഡിഎഫ് തുടര്‍ച്ചയായി കളവ് പ്രചരിപ്പിച്ചുവെന്നും ഭരണ വിരുദ്ധ വികാരം ഉണ്ടായില്ലെന്നും ജനക്ഷേമ പദ്ധതികള്‍ തുടരണം എന്ന നിലപാട് ആണ് ജനങ്ങള്‍ പൊതുവില്‍ സ്വീകരിച്ചതെന്നും ടി.പി. രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ജനങ്ങളുടെ മുമ്പില്‍ വ്യക്തമായ പരിപാടി അവതരിപ്പിച്ചു കൊണ്ടാണ് ഇടതു ജനാധിപത്യ മുന്നണി വോട്ടിനെ സമീപിച്ചത്. തിരഞ്ഞെടുപ്പില്‍ ഒരുതരത്തിലുള്ള ഭരണവിരുദ്ധ വികാരവും ജനങ്ങളില്‍ നിന്ന് ഉണ്ടായില്ല. ജനക്ഷേമ നടപടികളും ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പൊതുവികസനങ്ങളും തുടരണമെന്ന നിലപാടാണ് ജനം സ്വീകരിച്ചത്. സീറ്റ് എത്രയെന്നു പറയുന്നില്ല. ന്യൂനപക്ഷങ്ങളുടെ വോട്ട് യുഡിഎഫിന് പോകില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഭരണാനുഭവവും യുഡിഎഫിന്റെ ഭരണാനുഭവവും കേരള സമൂഹത്തിന്റെ മുമ്പിലുണ്ട്. തുടര്‍ച്ചയായ കളവ് പ്രചരിപ്പിക്കുക എന്ന രീതിയാണ് യുഡിഎഫ് ഈ തിരഞ്ഞെടുപ്പില്‍ കാണിച്ച രീതി. അവര് പറഞ്ഞ ഓരോ വാക്കും മാധ്യമങ്ങള്‍ ഏറ്റെടുത്ത് അത്തരം നിലപാടുകള്‍ക്ക് സ്ഥിരീകരണം ഉണ്ടാക്കാനാണ് ശ്രമിച്ചത്. സോഷ്യല്‍ മീഡിയയില്‍ അങ്ങേയറ്റത്തെ ജനവിരുദ്ധ നിലപാടുകളുയര്‍ത്താനാണ് ശ്രമിച്ചത്. സ്ഥാനാര്‍ഥികളെ പോലും വ്യക്തിപരമായി ആക്ഷേപിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള സംഘടിതമായ ശ്രമം നടത്തുകയുണ്ടായി.

സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും നൂറിലധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തില്‍വരുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ശക്തമായ സര്‍ക്കാര്‍ വിരുദ്ധ തരംഗം ഉണ്ടെന്നും വി.ഡി.സതീശന്‍ പറഞ്ഞു. വ്യക്തമായ രാഷ്ട്രീയ വിശകലനത്തിന്റെ അടിത്തറയോടെയാണ് നൂറ് സീറ്റെന്ന പ്രവചനം നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. എല്ലാ തിരഞ്ഞെടുപ്പിലും പ്രവചനം നടത്തിയതും രാഷ്ട്രീയ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണെന്നും കൊട്ടക്കണക്ക് ഒരു തിരഞ്ഞെടുപ്പിലും പറഞ്ഞിട്ടില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

‘നൂറിലേറെ സീറ്റ് എന്ന് പറഞ്ഞത് രാഷ്ട്രീയമായ അടിത്തറയുടെ പശ്ചാത്തലത്തിലാണ്. പലര്‍ക്കും അത് മനസ്സിലായില്ല. നമ്മള്‍ വെറുതെ പൊട്ടക്കണക്ക് പറയുകയാണെന്ന രീതിയിലാണ്. 2001ല്‍ യുഡിഎഫിന് നൂറ് സീറ്റ് ലഭിച്ചതാണ്. 2005 മുതല്‍ ഒരുപാട് വിഭാഗങ്ങള്‍ യുഡിഎഫിനെ വിട്ടുപോയിട്ടുണ്ട്. അവരെയെല്ലാം തിരിച്ചു കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. 95 ശതമാനം പേരെ തിരിച്ചു കൊണ്ടുവന്ന നിശബ്ദമായ പൊളിറ്റിക്കല്‍ വര്‍ക്ക് ഞങ്ങള്‍ നടത്തിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും തദ്ദേശതിരഞ്ഞെടുപ്പിലും ഉണ്ടായ അത്യപൂര്‍വ്വമായ വിജയം, ഒരു കാലഘട്ടത്തും ഉണ്ടാകാത്ത വിജയം, ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഒരു പ്രതിപക്ഷത്തിനും കഴിയാത്ത വിജയമാണ് അത്. ചിട്ടയായ പ്രവര്‍ത്തനത്തിന്റെ രീതി, പ്രൊഫഷണലായി വര്‍ക്ക് ചെയ്യുന്ന രീതി, ഏത് കേഡര്‍ പാര്‍ട്ടിയെ പോലും തോല്‍പ്പിക്കാന്‍ കഴിയാവുന്ന തരത്തിലുള്ള സംഘടനാ മികവും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനവും യുഡിഎഫിന് ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ച തിരഞ്ഞെടുപ്പാണ് അവയെല്ലാം. അതിന് തുടര്‍ച്ചയായിട്ടാണ് ഞാന്‍ കാണുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് പറയുന്ന രീതിയല്ല. അങ്ങനെ പറയുന്ന ഒരാളല്ല ഞാന്‍. അങ്ങനെ പറഞ്ഞാല്‍ വിശ്വാസ്യത പോകും. ഇതിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞത്. എല്ലാ തിരഞ്ഞെടുപ്പിലും പ്രവചനം നടത്തിയത് അതിന്റെ അടിസ്ഥാനത്തിന്റെ പേരിലാണ്. കൊട്ടക്കണക്ക് ഒരു തിരഞ്ഞെടുപ്പിലും പറഞ്ഞിട്ടില്ല. തദ്ദേശതിരഞ്ഞെടുപ്പില്‍ നാല് കോര്‍പ്പറേഷന്‍ കിട്ടുമെന്ന് പറഞ്ഞപ്പോള്‍ കളിയാക്കുകയായിരുന്നു. നാല് കോര്‍പ്പറേഷനോ എന്ന് ചോദിച്ച്. എന്നാല്‍ അത് കിട്ടി. രാഷ്ട്രീയ വിശകലനമാണ് കണക്കിന്റെ അടിത്തറ.

ഭരണത്തില്‍ മാത്രമല്ല, ഭരണശൈലിയിലും രാഷ്ട്രീയ സംസ്‌കാരത്തിലും മാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് ഒരു നിര്‍ണായക തിരഞ്ഞെടുപ്പാണെന്നും വോട്ടിങ് ശതമാനം വര്‍ധിച്ചതിന്റെ എഫക്ട് റിസള്‍ട്ട് വരുമ്പോള്‍ കാണാമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.