'നികുതി കുറയ്ക്കില്ല എന്ന് പ്രഖ്യാപിക്കുമ്പോള്‍ കൈയടിക്കുന്നവര്‍ ഇന്ധനം വാങ്ങാന്‍ എണ്ണി കൊടുക്കുന്നത് ചക്കക്കുരു അല്ലല്ലോ?'; സമരം കടുപ്പിച്ച് യു.ഡി.എഫ്

ഇന്ധന സെസ് കുറക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്. പ്രതിപക്ഷത്തെ നാല് എംഎല്‍എമാരുടെ സഭാ കവാടത്തിലെ സത്യാഗ്രഹ സമരം നാലാം ദിവസവും തുടരുകയാണ്. നികുതി കുറക്കില്ല എന്ന് പ്രഖ്യാപിക്കുമ്പോള്‍ കയ്യടിക്കുന്നവര്‍ പെട്രോളിനും ഡീസലിനും എണ്ണി കൊടുക്കുന്നത് ചക്കക്കുരു അല്ലല്ലോ എന്ന് എംഎല്‍എ ഷാഫി പറമ്പില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഈ പ്രതിഷേധം അനിവാര്യതയാണെന്നും ജനതക്ക് വേണ്ടിയാണെന്നും ഷാഫി കുറിപ്പില്‍ പറഞ്ഞു.

എംഎല്‍എമാര്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തില്‍ ഇന്നു രാവിലെ സഭാ മന്ദിരത്തിലേക്ക് പ്രതിഷേധ നടത്തം നടത്തി. സഭ സ്തംഭിപ്പിക്കുന്ന തരത്തിലേക്ക് വരെ പ്രതിഷേധം എത്താന്‍ സാദ്ധ്യത ഉണ്ട്. ചോദ്യോത്തരവേള മുതല്‍ സഭയില്‍ പ്രതിഷേധം തുടങ്ങും . സഭയ്ക്ക് പുറത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ സമരം കടുപ്പിക്കും.

ജനങ്ങളെ വറുതിയിലേക്ക് തള്ളിവിടുന്ന നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കില്ലെന്ന് സര്‍ക്കാരിന് പിടിവാശിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ബജറ്റിലെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കില്ലെന്ന ധനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് ഇന്നലെ നിയമസഭ ബഹിഷ്‌കരിച്ചതിന് പിന്നാലെയായിരുന്നു സതീശന്റെ പ്രതികരണം.

Read more

 ഒരു നികുതിയും പിന്‍വലിക്കില്ല എന്ന പിടിവാശിയാണ് മുഖ്യമന്ത്രിക്ക്. പ്രതിപക്ഷ സമരത്തിന്റേയും ജനരോഷത്തിന്റേയും പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍ ആയതിനാലാണിത്. വിനാശകരമായ ബജറ്റ് അവതരിപ്പിച്ചതിന്റെ ക്രെഡിറ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാലിനെടുക്കാമെന്നും അദ്ദേഹം പരിഹസിച്ചു.

അധികാരത്തിന്റെ ഹുങ്കില്‍ ആണ് ഭരണ പക്ഷം. ജനങ്ങളില്‍ നിന്ന് അകന്നത് കൊണ്ടാണ് ജനവികാരം മനസിലാവാത്തത്. ജനങ്ങളുടെ അഭിപ്രായസര്‍വേസര്‍ക്കാര്‍ എടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.