മഹാത്മ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ മനുഷ്യ ഭൂപട പ്രക്ഷോഭം; പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ശക്തമാക്കാന്‍ യു.ഡി.എഫ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് തുടക്കം കുറിയ്ക്കാന്‍ യു.ഡി.എഫ് തീരുമാനം. ജനുവരി 30 മഹാത്മ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ മനുഷ്യ ഭൂപട പ്രക്ഷോഭം നടത്താന്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗം തീരുമാനമെടുത്തു. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ ആണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

ജില്ലാ കേന്ദ്രങ്ങളില്‍ പതിനായിരങ്ങളെ പങ്കെടുപ്പിച്ച് മനുഷ്യ ഭൂപടങ്ങള്‍ നിര്‍മ്മിക്കുവാനാണ് തീരുമാനം. ഇതിനായി ബെന്നി ബെഹനാന്‍, വി.ഡി സതീശന്‍, വി.കെ ഇബ്രാഹിംകുഞ്ഞ് എന്നിവരടങ്ങുന്ന സമിതിയെ ചുതലപ്പെടുത്തിയതി. മണ്ഡല തലത്തില്‍ യു.ഡി.എഫ് ഭരണഘടനാ സംരക്ഷണ സമിതികള്‍ രൂപീകരിക്കും. പ്രക്ഷോഭത്തിന്റെ വിജയത്തിനായി ജനുവരി ഏഴിന് ജില്ലാ യു.ഡി.എഫ് യോഗങ്ങള്‍ ചേരും.

ജനുവരി 26-ന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ എല്‍.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ മനുഷ്യചങ്ങല സംഘടിപ്പിക്കുന്ന വേളയിലാണ് യു.ഡി.എഫും പുതിയ പ്രക്ഷോഭങ്ങളുമായി രംഗത്തെത്തുന്നത്. നേരത്തെ സി.പി.ഐ.എമ്മുമായി ഒരു പ്രക്ഷോഭങ്ങളിലും സഹകരിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം കേരള ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്റെ വാക്കുകളും സമീപനവും ഗവര്‍ണര്‍ പദവിക്ക് ചേര്‍ന്നതല്ലെന്ന് ബെന്നി ബെഹനാന്‍ കൂട്ടിചേര്‍ത്തു. ഗവര്‍ണര്‍ പദവിയുടെ അന്തസിന് നിരക്കുന്നതല്ല ഗവര്‍ണറുടെ പരസ്യപ്രസ്താവനകള്‍. നിയമസഭാ ഒറ്റക്കെട്ടായി പാസാക്കിയ പ്രമേയത്തിനെതിരെ ഗവര്‍ണര്‍ പരസ്യ നിലപാട് സ്വീകരിച്ചിട്ടം മുഖ്യമന്ത്രി മൗനം പാലിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.