റോഡ് ഷോയ്ക്ക് എത്തിയത് പുറത്തുനിന്നുള്ള യുഡിഎഫ് പ്രവര്‍ത്തകര്‍; രാഹുല്‍ ഗാന്ധി കേരളത്തില്‍ മതസ്പര്‍ധയുണ്ടാക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തിയത് തെറ്റായി പോയിയെന്ന് തുഷാര്‍ വെള്ളാപ്പള്ളി

വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്ക് എത്തിയത് പുറത്തുനിന്നുള്ള യുഡിഎഫ് പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. മുസ്ലീം വോട്ടുകള്‍ ഏകീകരിച്ച് ജയിക്കാനാണ് രാഹുല്‍ ഇവിടെ വന്നത്. പക്ഷേ കേരളം മുസ്ലീവും ഹിന്ദുവും ക്രിസ്ത്യാനിയും ഒരേ മനസോടെ കഴിയുന്ന പ്രദേശമാണ്. ഇവിടെ രാഹുല്‍ ഗാന്ധി കേരളത്തില്‍ മതസ്പര്‍ധയുണ്ടാക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തിയത് തെറ്റായി പോയിയെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വീടുകള്‍ സന്ദര്‍ശിച്ചാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. മുസ്ലീം ലീഗിനെതിരായ യുപി യോഗി ആദിത്യനാഥിന്റെ പ്രസ്താവന എന്‍ഡിഎയ്ക്ക് ദോഷം ചെയ്യില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Read more

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ ഇടതുമുന്നണി പരാജയപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കേരളത്തിലെ ഇടതുമുന്നണിക്ക് രാഹുലിനെ നേരിടുന്നതിനുള്ള കരുത്തുണ്ട്. രാഹുലിനെ പരാജയപ്പെടുത്താനായിരിക്കും തങ്ങളുടെ ശ്രമം. കോണ്‍ഗ്രസ് ഇടതുപക്ഷത്തിനെതിരെയാണ് മത്സരിക്കുന്നത്. ബിജെപിക്ക് എതിരെയാണ് അവരുടെ മത്സരമെങ്കില്‍ കേരളത്തിലല്ല രാഹുല്‍ മത്സരിക്കേണ്ടത്. സംസ്ഥാനത്ത് ബിജെപിക്ക് കാര്യമായ റോളുമില്ലെന്നും പിണറായി പറഞ്ഞിരുന്നു