ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി

ഇടുക്കി ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി. ഗോപിനാഥന്‍ (50) സജീവന്‍ (45) എന്നിവരെയാണ് കാണാതായത്. 301 കോളനിയിലെ താമസക്കാരാണ് ഇരുവരും. കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ ആരംഭിച്ചു.

ആനയിറങ്കല്‍ ഭാഗത്തു നിന്നും കോളനിയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. സജീവന്‍ അല്‍പദൂരം നീന്തിയിരുന്നു. അതിനു ശേഷമാണ് മുങ്ങിപ്പോയത്. ഗോപിക്ക് നീന്തല്‍ അറിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്തേക്ക് വൈകാതെ എത്തിച്ചേരും. മുങ്ങല്‍ വിദഗ്ധരെയടക്കം സ്ഥലത്തെത്തിച്ച് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കും.