ഞാന്‍ ഇവിടെ നില്‍ക്കുമ്പോള്‍ പൊലീസ് അകത്തേയ്ക്ക് കയറുമോ; ഡിസിസി ഓഫീസും പ്രവര്‍ത്തകരെയും സംരക്ഷിക്കാന്‍ പറ്റും; വെല്ലുവിളിച്ച് പ്രതിപക്ഷനേതാവ്

തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷത്തില്‍ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മാര്‍ച്ചില്‍ പോലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വിവിധ ഇടങ്ങളില്‍ സംഘര്‍ഷമുണ്ടായിരുന്നു.

തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിസിസി ഓഫീസിനുള്ളില്‍ക്കയറി പിടികൂടാന്‍ പൊലീസ് നടത്തിയ ശ്രമം വീണ്ടും സംഘര്‍ഷത്തില്‍ കലാശിച്ചു.
സെക്രട്ടേറിയറ്റിലെ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ജാഥയായി ഡിസിസി ഓഫിസിലെത്തി. ഓഫീസിനു മുന്നിലൂടെ കടന്നുപോയ പിങ്ക് പൊലീസ് വാഹനം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തതോടെ കൂടുതല്‍ പൊലീസെത്തി. ഡിസിസി ഓഫീസിനുള്ളില്‍ കടക്കാന്‍ പൊലീസ് ശ്രമിച്ചത് വീണ്ടും സംഘര്‍ഷത്തിന് കാരണമായി. നേതാക്കള്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പൊലീസ് താല്‍ക്കാലികമായി പിന്‍വാങ്ങിയെങ്കിലും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിസിസി ഓഫീസിനു മുന്നില്‍ സംഘടിച്ച് നില്‍ക്കുകയാണ്.

യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ച് തെരുവുയുദ്ധമായി മാറിയിരുന്നു. നാല് പൊലീസ് വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ അടിച്ച് തകര്‍ത്തു. ഡിസിസി ഓഫിസിന് മുന്നില്‍ പിങ്ക് പൊലീസിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. ജലപീരങ്കിയും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ 12 പൊലീസുകാര്‍ക്കും 14പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. 21 പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

നവകേരള സദസിന്റെ ഭാഗമായി സെക്രട്ടേറിയറ്റിനു മുന്നില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി നില്‍ക്കുകയും പോലീസും പ്രവര്‍ത്തകരുമായി വാക്കേറ്റവുമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ലാത്തി വീശുകയും പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കുകയും ചെയ്തു. അറസ്റ്റ് ചെയ്ത് നീക്കിയ പ്രവര്‍ത്തകരെ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ബസില്‍ നിന്ന് പിടിച്ചിറക്കി. ലാത്തിചാര്‍ജ്ജില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിനും പരുക്കേറ്റു.

അതേസമയം സംഘര്‍ഷത്തില്‍ പോലീസിനുനേരെ കുപ്പിയേറുണ്ടായി. ബാരിക്കേഡിനു മുകളില്‍ കയറിയ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് അകത്തേക്ക് കയറാന്‍ ശ്രമിക്കുകയും ചെയ്തു. വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ സെക്രട്ടേറിയറ്റിന്റെ മതിലിനു മുകളിലേക്കു കയറി. സെക്രട്ടേറിയറ്റിന് ഉള്ളിലേക്ക് പ്രവര്‍ത്തകര്‍ കയറാതിരിക്കാന്‍ അകത്ത് മതിലിനു സമീപത്തായി പോലീസിനെ വിന്യസിച്ചിരുന്നു. പോലീസ് വാഹനത്തിന്റെ ചില്ല് പ്രവര്‍ത്തകര്‍ അടിച്ചുപൊട്ടിച്ചു. പോലീസിനു നേരെ ചെരുപ്പേറുണ്ടായി. തുടര്‍ന്ന് പോലീസിന്റെ ഷീല്‍ഡുകള്‍ വടികൊണ്ട് പ്രവര്‍ത്തകര്‍ അടിച്ചുപൊട്ടിച്ചു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് പൂട്ടിയിട്ടെന്ന് ആരോപിച്ച് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. അതിനിടെ പ്രവര്‍ത്തകരെ കടകളില്‍ കയറി പോലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സ്ഥലത്തെത്തി. വനിതാ പ്രവര്‍ത്തകരെ അക്രമിച്ച പോലീസുകാര്‍ക്കെതിരെ നടപടിവേണമെന്ന് ആവശ്യപ്പെട്ട് വി.ഡി.സതീശന്‍, ഷാഫി പറമ്പില്‍, പരുക്കേറ്റ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പ്രതിഷേധ മാര്‍ച്ച് നടത്തുകയാണ്.

അതേസമയം, ഡിസിസി ഓഫിസില്‍ ഒരു പൊലീസും കയറില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ഡിസിസി ഓഫീസിന് മുന്നില്‍ വന്ന് പൊലീസ് എന്തിനാ ഒരു സംഘര്‍ഷമുണ്ടാക്കുന്നത്. ഞാന്‍ ഇവിടെ നില്‍ക്കുമ്പോ പൊലീസ് അകത്തേയ്ക്ക് കയറുവോ? ഒരു പൊലീസുകാരനും കാലെടുത്ത് വയ്ക്കില്ല. പൊലീസുകാര്‍ പറ്റുമോയെന്ന് നോക്കട്ടെ. അതിനല്ലേ ഞങ്ങള്‍ മുന്നില്‍ നില്‍ക്കുന്നേ? പ്രവര്‍ത്തകരെ ഞങ്ങള്‍ സംരക്ഷിച്ചുകൊള്ളാം. ഓഫീസ് സംരക്ഷിക്കാന്‍ പറ്റിയില്ലെങ്കില്‍ ഞങ്ങള്‍ ഈ പണിനടത്തണ്ട ആവശ്യമില്ലല്ലോയെന്നും വി.ഡി.സതീശന്‍ പറഞ്ഞു.