തൃപ്പൂണിത്തുറയിലെ 'തീരന്‍' മോഡല്‍ കവര്‍ച്ച; പതിനൊന്നംഗ സംഘത്തിലെ മൂന്നു പേരെ പിടികൂടി; കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ കണ്ടെടുത്തു

തൃപ്പൂണിത്തുറയില്‍ “തീരന്‍” മോഡല്‍ കവര്‍ച്ച നടത്തിയ പതിനൊന്നംഗ സംഘത്തിലെ മൂന്നു പേരെ പോലീസ് പിടികൂടി. ഏരൂരില്‍ വീട്ടുകാരെ ആക്രമിച്ചു കൊള്ള നടത്തിയ സംഭവത്തില്‍ മൂന്നു പേരെ ഡല്‍ഹിയില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. കേരള-ഡല്‍ഹി പോലീസിന്റെ സംയുക്ത ഓപ്പറേഷനിലാണ് റോണി, അര്‍ഷദ്, ഷെഹ്ഷാദ് എന്നിവര്‍ പിടിയിലായതെന്നു പോലീസ് അറിയിച്ചു. കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ ഇവരില്‍നിന്നു കണ്ടെടുത്തു. മൂവരെയും ഞായറാഴ്ച കേരളത്തിലെത്തിക്കുമെന്ന് പോലീസ് വ്യക്തമാക്കി..

കഴിഞ്ഞ മാസമാണ് തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ടു കവര്‍ന്നത് 50 പവനും 20,000 രൂപയും കവര്‍ന്നത്. തൃപ്പൂണിത്തുറ ഏരൂര്‍ എസ് എംപി റോഡില്‍ നന്ദപ്പിള്ളി ആനന്ദകുമാറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടിന്റെ മുന്‍ഭാഗത്തെ ജനല്‍ച്ചില്ലു തകര്‍ത്തു കമ്പികള്‍ ഇളക്കിമാറ്റിയാണു സംഘം അകത്തുകടന്നത്. വീട്ടിലുള്ളവരെ മുറികളില്‍ കെട്ടിയിട്ട ശേഷമായിരുന്നു കവര്‍ച്ച. ആനന്ദകുമാറിനു (49 ) പുറമെ അമ്മ സ്വര്‍ണമ്മ (72), ഭാര്യ ഷാരി (46 ) മക്കള്‍ ദീപക്, രൂപക് എന്നിവരും വീട്ടിലുണ്ടായിരുന്നു.

തടയാന്‍ നോക്കിയ ആനന്ദകുമാറിന്റെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിക്കുകയും വായില്‍ തുണി തിരുകുകയുംചെയ്തു. ഷാരിയെ ബാത്ത്‌റൂമിലും അമ്മയെയും രണ്ടു മക്കളെയും ഒരോ മുറിയിലുമായി പൂട്ടിയിട്ടു.

സ്വര്‍ണവും പണവും കൂടാതെ നാലു മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്, എടിഎം, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവയും കവര്‍ച്ചക്കാര്‍ കൊണ്ടുപോയി. മൂന്നു മണിക്കൂറോളം സംഘം വീടിനുള്ളില്‍ തങ്ങി. കവര്‍ച്ചക്കാര്‍ പോയ ശേഷം ഇളയമകനായ രൂപക് സ്വയം കെട്ടഴിച്ചു പുറത്തെത്തി ഒച്ചവച്ചു സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അന്വേഷണത്തിലാണ് പ്രതികളില്‍ മൂന്നു പേരെ പിടികൂടിയത്.