ടി. പി ചന്ദ്രശേഖരന്റെ മകനേയും ആർ.എം.പി നേതാവ് എൻ. വേണുവിനേയും വധിക്കുമെന്ന് ഭീഷണിക്കത്ത്

 

ആർ എം പി സംസ്ഥാന സെക്രട്ടറി എൻ വേണുവിനേയും ആർ.എം.പി.ഐ സ്​ഥാപക നേതാവ് ടി പി ചന്ദ്രശേഖരന്റെ മകൻ അഭിനന്ദിനെയും വധിക്കുമെന്ന് കാണിച്ച്​ കെ.കെ. രമ എം.എൽ.എയ്​ക്ക്​ ഭീഷണിക്കത്ത്. എൻ വേണു വടകര റൂറൽ എസ് പിക്ക് പരാതി നൽകിയിട്ടുണ്ട്.

കെ കെ രമ എം എൽ എയുടെ ഓഫീസ് വിലാസത്തിലാണ് കത്ത് കിട്ടിയത്. ടി.പി വധത്തിന് കാരണം മുന്നറിയിപ്പ് നല്‍കിയിട്ടും അനുസരിക്കാത്തതാണെന്നും കത്തില്‍ പറയുന്നു. സിപിഎമ്മിനെതിരെ മാധ്യമങ്ങളില്‍ വന്ന് ചര്‍ച്ച ചെയ്ത ടി.പിയെ 51 വെട്ട് വെട്ടിയാണ് തീര്‍ത്തതെന്നും എം.എല്‍.എ രമയുടെ മകനെ അധികം വളരാന്‍ വിടില്ലെന്നും അവന്റെ മുഖം 100 വെട്ട് വെട്ടി പൂക്കൂല പോലെ നടുറോഡില്‍ ചിതറുമെന്നും ജയരാജനും ഷംസീറും പറഞ്ഞിട്ടാണ് കൊട്ടേഷൻ എടുത്തതെന്നും കത്തിൽ പറയുന്നു.

തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീർ പങ്കെടുക്കുന്ന ചാനൽ ചർച്ചകളിൽ ആർ.എം.പിക്കാരെ കാണരുതെന്നും കത്തിൽ ഭീഷണിപ്പെടുത്തുന്നു.

ഭീഷണിക്കത്ത്​കോഴിക്കോട് എസ്.എം സ്ട്രീറ്റ് പോസ്റ്റ് ഓഫിസ് പരിധിയിൽ നിന്നാണ് കത്ത് വന്നിട്ടുള്ളത്. വധഭീഷണിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.