പാലിയേക്കരയിലെ ടോൾ നിരക്കിൽ വർധന; ടോൾബൂത്ത് തുറക്കാൻ അനുമതി കിട്ടിയാൽ 5 മുതൽ 10 രൂപ വരെ വർധിക്കും

പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു. ദേശീയപാതയിലെ ഗതാഗത പ്രശ്നങ്ങളുടെ പേരിൽ ഹൈക്കോടതി നിർത്തിവെപ്പിച്ച പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കുമ്പോൾ കൂടിയ നിരക്ക് ഈടാക്കാൻ എൻഎച്ച്എഐ കരാർ കമ്പനിയായ ജിഐപിഎല്ലിന് അനുമതി നൽകി. സെപ്റ്റംബർ 10 മുതൽ ടോൾ നിരക്ക് 5 മുതൽ 10 രൂപ വരെ ഉയരും.

ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 5 മുതൽ 15 രൂപ വരെയുള്ള വർധനവാണ് വരുത്തിയിരിക്കുന്നത്. ഒരു ഭാഗത്തേക്ക് പോകുന്ന കാറുകൾക്ക് 90 രൂപ ടോൾ നൽകിയിരുന്നത് ഇനി 95 രൂപ നൽകേണ്ടി വരും. ഒരു ദിവസം ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 140 രൂപയെന്നതിൽ മാറ്റമില്ല. ചെറുകിട വാണിജ്യ വാഹനങ്ങൾക്കുള്ള ടോൾ നിരക്ക് 160 രൂപയെന്നത് 165 രൂപയായി ഉയരും. ഒന്നിൽ കൂടുതലുള്ള യാത്രകൾക്ക് 240 എന്നത് 245 രൂപയാകും. ബസ്, ട്രക്ക് എന്നിവയ്ക്ക് 320 രൂപയായിരുന്നത് 330 ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 485 എന്നത് 495 രൂപയുമാകും.

മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 515 എന്നത് 530 രൂപ ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 775 രൂപയായിരുന്നത് 795 രൂപയുമാകും. സെപ്റ്റംബർ 9 വരെ ഹൈക്കോടതി ഉത്തരവ് പ്രകാരം പാലിയേക്കരയിലെ ടോൾ പിരിവ് റദ്ദ് ചെയ്തിരിക്കുകയാണ്. ദേശീയപാതയിലെ ഗതാഗത പ്രശ്നങ്ങളും കരാർ ലംഘനങ്ങളും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനിടെയാണ് വീണ്ടും ടോൾ വർധന.

Read more

പാലിയേക്കരയിൽ എല്ലാ വർഷവും സെപ്റ്റംബർ ഒന്നിനാണ് ടോൾ നിരക്ക് പരിഷ്‌കരിക്കുന്നത് നിരന്തരം കരാർ ലംഘനം നടത്തുന്ന ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ ടോൾ നിരക്ക് ഉയർത്താൻ അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.