സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കോവിഡ്; ഒരാൾക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രോഗം സ്ഥിരീകരിച്ച രണ്ട് പേരും വിദേശത്ത് നിന്നും വന്നവരാണ്. ഒരാൾ കോഴിക്കോടും അടുത്തയാൾ കൊച്ചിയിലും ചികിത്സയിലാണ്. ഏഴാം തീയതി ദുബായിൽ നിന്നും കോഴിക്കോടേക്ക് വന്ന വിമാനത്തിലും അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലും ഉണ്ടായിരുന്നവർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ഇടുക്കിയിൽ ചികിത്സയിലായിരുന്ന ഒരാൾക്ക് ഇന്ന് രോഗം ഭേദമായി.

Read more

സംസ്ഥാനത്ത് ഇതുവരെ 505 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 17 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 23930 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 23,596 പേർ വീടുകളിലും 334 പേർ ആശുപത്രികളിലുമാണ്. ഇന്ന് 123 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 36648 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 36002 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. മുൻഗണനാ വിഭാഗത്തിലെ 3475 സാമ്പിളുകൾ ശേഖരിച്ചതിൽ 3231 എണ്ണം നെഗറ്റീവായി.