പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; കരയില്‍ സൈന്യം; കടലില്‍ നാവിക സേന; തുറമുഖത്തിന് എസ്പിജി കമാന്‍ഡോ; വിഴിഞ്ഞം ഉദ്ഘാടനത്തിനെത്തുന്ന നരേന്ദ്ര മോദിക്ക് പഴുതടച്ച സുരക്ഷ

വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ഇന്നു വൈകിട്ട് 7.30ന് തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലാണ് അദേഹം വന്നിറങ്ങുന്നത്. തുടര്‍ന്ന് അദേഹം റോഡ് മാര്‍ഗം രാജ് ഭവനിലേക്ക് തിരിക്കും. ഇന്നു രാജ്ഭവനില്‍ തങ്ങുന്ന മോദി ഗവര്‍ണറുടെ വിരുന്നില്‍ പങ്കെടുക്കുകയും വിവിധ വ്യക്തികളുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്യും.

നാളെ രാവിലെ പാങ്ങോട് സൈനിക ക്യാമ്പില്‍ നിന്നും ഹെലികോപ്ടറിലാണ് വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്യാനായി അദേഹം തിരിക്കുക. കാലാവസ്ഥ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ റോഡ് മാര്‍ഗമായിരിക്കും അദേഹം വിഴിഞ്ഞത്ത് എത്തുക. രാവിലെ 10.30ന് ചടങ്ങുകള്‍ ആരംഭിക്കുക.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി വി.എന്‍. വാസവന്‍, ശശി തരൂര്‍ എംപി, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി തുടങ്ങിയവര്‍ പങ്കെടുക്കും.

വിഴിഞ്ഞത്തെത്തുന്ന പ്രധാനമന്ത്രി എംഎസ്സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിക്കും. തുടര്‍ന്ന് തുറമുഖം സന്ദര്‍ശിച്ചശേഷമായിരിക്കും പൊതുസമ്മേളനത്തില്‍ പങ്കെടുക്കുക. തിരികെ ഹെലികോപ്റ്ററില്‍ പാങ്ങോട് എത്തി രാജ്ഭവനിലേക്ക് പോകും. 12.30-ന് ഹൈദരാബാദിലേക്കുപോകും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ഇന്നും വെള്ളിയാഴ്ചയും തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കരയിലും കടലിലും വന്‍ സുരക്ഷയാണ് പ്രധാനമന്ത്രിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കരയില്‍ സൈന്യവും കടലില്‍ നാവിക സേനയും തുറമുഖത്തിന് എസ്പിജി സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി പത്തുവരെയും വെള്ളിയാഴ്ച രാവിലെ ആറര മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയുമാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് വിഴിഞ്ഞം തുറമുഖം ഔദ്യോഗികമായി കമ്മീഷന്‍ ചെയ്യുന്നത്.

പ്രധാനമന്ത്രി എത്തുന്നതിനു മുന്നോടിയായി നഗരത്തില്‍ സുരക്ഷ കര്‍ശനമാക്കി. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന വഴികളിലെല്ലാം പോലീസിനെ വിന്യസിച്ചു.