തൃശ്ശൂര്‍ പൂരം അലങ്കോലമാക്കാന്‍ ഉന്നത ഇടപെടലുണ്ടായി; പൊലീസ് കമ്മീഷണറുടെ നടപടികള്‍ മുഖ്യമന്ത്രിയുടെ അറിവോടെ; ആരോപണവുമായി ബിജെപി

തൃശ്ശൂര്‍ പൂരം അലങ്കോലമാക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത്ത് അശോക് ശ്രമിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ലോകത്തിന് മുമ്പില്‍ കേരളത്തിന്റെ അഭിമാനമായ പൂരത്തെ തടയാന്‍ പൊലീസ് ശ്രമിച്ചിട്ടും ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി മറുപടി പറയാത്തത് പ്രതിഷേധാര്‍ഹമാണ്.

കുടമാറ്റത്തിനായി കൊണ്ടുവന്ന ശ്രീരാമ ഭഗവാന്റെ കുടകള്‍ തടഞ്ഞ സിറ്റി പൊലീസ് കമ്മീഷണര്‍ തടഞ്ഞു. ശ്രീരാമനെയും ഹിന്ദുക്കളെയും അപമാനിക്കുന്നത് പിണറായി സര്‍ക്കാര്‍ ഒരു ശീലമാക്കി മാറ്റുകയാണ്. ആനകള്‍ വേണ്ടി കൊണ്ടുവന്ന പട്ട പോലും കൊണ്ടുപോവാന്‍ കമ്മീഷണര്‍ അനുവദിച്ചില്ല. പൂരം അലങ്കോലമാക്കാന്‍ ഉന്നത ഇടപാടുണ്ടായിട്ടുണ്ടെന്ന് കമ്മീഷണറുടെ പ്രവൃത്തികള്‍ തെളിയിക്കുകയാണ്.

തൃശ്ശൂര്‍ പൂരത്തിനെതിരായ നീക്കം ഈ സര്‍ക്കാര്‍ തുടക്കം മുതലേ കൈക്കൊള്ളുന്നതാണ്. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചതിന് സമാനമായ കാര്യമാണ് തൃശ്ശൂര്‍ പൂരത്തിന്റെ കാര്യത്തിലും പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.