വര്‍ണാഭമായ പൂരാഘോഷത്തില്‍ നിര്‍വൃതിയടഞ്ഞ് തൃശൂര്‍. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ മുഖാമുഖം അണിനിരന്നതോടെ തൃശൂര്‍ വര്‍ണ മേളങ്ങളില്‍ അലിഞ്ഞു. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ 15 ഗജവീരന്‍മാര്‍ ഇരുഭാഗങ്ങളിലായി നിരന്ന് കാഴ്ചയുടെ വര്‍ണ വിസ്മയം തീര്‍ക്കുകയായിരുന്നു.
പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങള്‍ തെക്കോട്ടിറങ്ങി നേര്‍ക്കുനേര്‍ നിന്നതോടെയാണ് കുടമാറ്റം ആരംഭിച്ചു. ആദ്യം പുറത്തേക്കിറങ്ങിയത് പാറമേക്കാവാണ്. പിന്നാലെ തിരുവമ്പാടിയും ഇറങ്ങിയതോടെ വര്‍ണ വിസ്മയത്തിന്റെ വിരുന്ന് ഒരുങ്ങി. പതിവുതെറ്റിക്കാതെ പൂരനഗരിയെ ഉണര്‍ത്താന്‍ കണിമംഗലം ശാസ്താവ് പുലര്‍ച്ചെ തന്നെയെത്തി.
ചെമ്പൂക്കാവിലമ്മയുടെ തിടമ്പെടുത്തെത്തിയ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ പൂരനഗരിയെ ആവേശ സാഗരമാക്കി. ചെറു പൂരങ്ങളെല്ലാം വന്ന് തീരുമ്പോഴേക്കും കോങ്ങാട് മധുവും സംഘവും തിരുവമ്പാടി ദേവിയുടെ മഠത്തില്‍ വരവിന് പഞ്ചവാദ്യ താളമിട്ടിരുന്നു. കര്‍ണപുടങ്ങളില്‍ കുളിര്‍മഴ പെയ്യിച്ചാണ് ഇലഞ്ഞിത്തറയില്‍ മേളം പെയ്തിറങ്ങിയത്.
ഇനി നാളെ പുലര്‍ച്ചെ നടക്കാന്‍ പോകുന്ന ഗംഭീര വെടിക്കെട്ടിനുള്ള കാത്തിരിപ്പിലാണ് പൂരപ്രേമികള്‍. കിഴക്കൂട്ട് അനിയന്‍മാരാരും സംഘവും ഒരുക്കിയ പാറമേക്കാവിന്റെ മേളക്കാഴ്ച പൂരാവേശത്തിന്റെ പാരമ്യം നല്‍കി. ഇലഞ്ഞിത്തറയില്‍ പതികാലം തുടങ്ങി. കൊമ്പും കുഴലും ഇലത്താളവും ചെണ്ടകളും ചേര്‍ന്നു. മേളത്തിന്റെ കയറ്റിറക്കങ്ങളില്‍ ആള്‍ക്കൂട്ടം ആര്‍പ്പുവിളിച്ചു.
Read more
ഇത്തവണയും സാമ്പ്രദായിക കുടകള്‍ക്കപ്പുറത്ത് കാഴ്ചയുടെ വര്‍ണ വിസ്മയമായി സ്‌പെഷ്യല്‍ കുടകള്‍ നിരത്തി പൂരനഗരിയില്‍ പ്രകമ്പനം തീര്‍ത്തു. തൃക്കാക്കരയപ്പനും പദ്മഗണപതിയും, രുദ്ര ഗണപതിയും ദേവി രൂപങ്ങളും കുടകളില്‍ നിറഞ്ഞു. ഇരുട്ടു വീണപ്പോഴേക്കും പൂരനഗരിയില്‍ പ്രഭതൂകി എല്‍ഇഡി കുടകള്‍ ആകാശത്തുയര്‍ന്നു. ആരവം മുഴക്കി ജനക്കൂട്ടം പൂര സന്തോഷത്തെ ഹൃദയത്തിലേറ്റി. ഒടുവില്‍ തുല്യം ചാര്‍ത്തി ഭഗവതിമാര്‍ ദേശങ്ങളിലേക്ക് മടങ്ങി.