തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; വിവാദത്തിന് തിരികൊളുത്തി പിണറായിയുടെ പ്രസംഗം, ആയുധമാക്കി കോണ്‍ഗ്രസ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്ലാ മുന്നണികളും പ്രചാരണം ഊര്‍ജ്ജിതമാക്കി മുന്നേറുമ്പോള്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷനിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം ആയുധമാക്കി മുന്നേറുകയാണ് കോണ്‍ഗ്രസ്. ഈ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ സംഭവിച്ച അബദ്ധം തിരുത്താനുള്ള സൗഭാഗ്യമാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. പിണറായിയുടെ പരാമര്‍ശം പിടി തോമസിനെ അവഹേളിക്കുന്നതാണെന്നും അദ്ദേഹത്തിന്‍രെ വേര്‍പാടിനെ ഇടതുമുന്നണി ആഘോഷമാക്കുകയാണെന്നും ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയതോടെ ക്യാപ്റ്റന്റെ മാസ് എന്‍ട്രിയുടെ നിറമൊന്നു മങ്ങി.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിലൂടെ പിടി എന്ന വികാരമാണ് തൃക്കാക്കരയില്‍ നിറഞ്ഞു നില്‍ക്കുന്നത്. പിടിയുടെ വിയോഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ സൃഷ്ടിച്ച ആഘാതം വലുതായിരുന്നു. അത്രയും വികാരഭരിതമായ യാത്രയയപ്പാണ് അദ്ദേഹത്തിന് നല്‍കിയത്. പിടി തോമസിന്റെ മരണത്തെ തുടര്‍ന്ന് നടക്കുന്ന ഈ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യയായ ഉമ തോമസ് മത്സരിക്കുമ്പോള്‍ പി.ടി എന്ന വികാരത്തിനും അപ്പുറം രാഷ്ട്രീയ പോരാട്ടത്തിനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിവാദമായി മാറിയിരിക്കുന്നത്.

മുഖ്യമന്ത്രി പ്രചാരണത്തിന് എത്തിയപ്പോള്‍ ഇടതുമുന്നണിയുടെ ക്യാമ്പില്‍ ഉയര്‍ന്ന അത്യാവേശം അദ്ദേഹത്തിന്റെ തന്നെവാക്കുകളിലൂടെ തളര്‍ത്താനായതിന്റെ ആശ്വാസമാണ് യുഡിഎഫ് ക്യാമ്പില്‍. മുഖ്യമന്ത്രിയുടെ പ്രസ്താവന നിന്ദ്യവും ക്രൂരവുമാണെന്നും അത് കേരളത്തിനാകെ അപമാനമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചിരുന്നു. പരാമര്‍ശം വിഷമമുണ്ടാക്കിയെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പ്രതികരിച്ചു. പിടി തോമസ് അഭിമാനമാണെന്നും അബദ്ധം പറ്റിയത് പിണറായിക്കാണ്. പി ടി തോമസിന്റെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായിരുന്നു അദ്ദേഹത്തിന്റെ രണ്ടാം വിജയം. അത് അബദ്ധമാണെന്ന് പറയുന്നത് തൃക്കാക്കരക്കാരെ ഒന്നടങ്കം അപമാനിക്കുന്നതിന് തുല്യമാണ്. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പറഞ്ഞത് ശുദ്ധ അസംബന്ധമാണെന്ന് ഹൈബി ഈഡന്‍ എംപിയും പ്രതികരിച്ചു. പരാമര്‍ശം പിന്‍വലിച്ച് പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു.