ആൾക്കൂട്ട അക്രമങ്ങൾ എതിർക്കപ്പെടേണ്ടതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാർ. വാളയാറിൽ അഥിതി തൊഴിലാളിയായ രാം നാരായണനെ ആൾകൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയതിൽ പ്രതികരിക്കുകയായിരുന്നു സി കൃഷ്ണകുമാർ. ആൾക്കൂട്ട ആക്രമണത്തെ അനുകൂലിക്കുന്നില്ലെന്നും രാഷ്ട്രീയമോ നിറമോ നോക്കിയല്ല എതിർക്കേണ്ടതെന്നും കൃഷ്ണകുമാർ പറഞ്ഞു.
അട്ടപ്പാടിയിൽ മധുവിനെ കൊലപ്പെടുത്തിയവർ സിപിഐഎമ്മുകാരായിരുന്നു. വാളയാർ അക്രമത്തിൽ സിഐടിയുവിന്റെ പ്രവർത്തകനും ഉണ്ട്. രാഷ്ട്രീയനിറം കൊടുക്കാതെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കണം. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നു. ഇത് നിയന്ത്രിക്കുന്നതിൽ സർക്കാർ എന്തുകൊണ്ട് പരാജയപ്പെടുന്നുവെന്നും സി കൃഷ്ണകുമാർ ചോദിച്ചു.
അതേസമയം കേസിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത് വന്നു. കൊല്ലണമെന്ന ബോധപൂർവമായ ഉദ്ദേശ്യത്തോടെയാണ് പ്രതികൾ രാം നാരായണനെ മർദ്ദിച്ചതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായണനെ മണിക്കൂറുകളോളം ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്. രാംനാരായൺ ഭാഗേലിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്. വടി ഉപയോഗിച്ച് മുതുകിലും തലയ്ക്കും അടിച്ചു. രാംനാരായണിന്റെ മുതുകിലും മുഖത്തും ചവിട്ടിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.







