പെന്‍ഷന്‍ പ്രായം: മനോരമയ്‌ക്കെതിരെ തോമസ് ഐസക്; 'തെറ്റായ വാര്‍ത്ത പിന്‍വലിക്കാനുള്ള മാന്യത കാണിക്കുക'

പെന്‍ഷന്‍ പ്രായം 58 ആക്കാന്‍ ധനവകുപ്പിന്റെ ശുപാര്‍ശ എന്ന മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്ത അസത്യമെന്ന് ധനമന്ത്രി തോമസ് ഐസക്. ഈ വാര്‍ത്ത മനോരമയ്ക്ക് എവിടെ നിന്നാണ് കിട്ടിയത് എന്നറിയില്ല. എനിക്കു മാത്രമല്ല, വകുപ്പിലാര്‍ക്കും. ഇത്തരത്തിലൊരു ഫയലോ നിര്‍ദ്ദേശമോ ധനവകുപ്പിനു മുന്നിലില്ല. വായനക്കാരെ സംഭ്രമിപ്പിക്കുക എന്ന ഒറ്റലക്ഷ്യം മാത്രം മുന്‍നിര്‍ത്തി മനോരമ പോലൊരു പ്രമുഖ പത്രത്തിന് ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ കഴിയുമോ? തോമസ് ഐസക് ആരാഞ്ഞു.

വകുപ്പുതല ശുപാര്‍ശയില്‍ അഭിപ്രായം രേഖപ്പെടുത്താതെ ഞാന്‍ മുഖ്യമന്ത്രിയ്ക്ക് ഫയല്‍ കൈമാറി എന്നാണ് മനോരമ ആധികാരികമായി പ്രസ്താവിച്ചിരിക്കുന്നത്. ദയവായി ആ ഫയല്‍ നമ്പര്‍ മനോരമ പ്രസിദ്ധീകരിക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതിനു മുമ്പ് എന്റെ ഓഫീസുമായി ഒന്നു ബന്ധപ്പെടാനുള്ള മാന്യത ലേഖകനു കാണിക്കാമായിരുന്നു. സത്യസന്ധമായ വിവരങ്ങള്‍ നല്‍കാന്‍ സന്തോഷമേയുള്ളൂ. അങ്ങനെ തന്നെയാണ് നേരത്തെയും ഇടപെട്ടിട്ടുള്ളത്. എന്നാല്‍, ഇതു വളരെ മോശമായിപ്പോയി ഐസക് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഒന്നുകില്‍ ഫയല്‍നമ്പര്‍ സഹിതം പ്രസിദ്ധീകരിച്ച് വാര്‍ത്ത ശരിയെന്നു തെളിയിക്കണം. അല്ലെങ്കില്‍ വാര്‍ത്ത പിന്‍വലിക്കാനുള്ള മാന്യത കാണിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

https://www.facebook.com/drthomasisaaq/posts/1615588861859158?pnref=story