കിഫ്ബി മസാല ബോണ്ടിൽ ഇ.ഡി അന്വേഷണം; ആർ.ബി.ഐക്ക് കത്ത് നൽകി, ഭരണസ്തംഭനം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് തോമസ് ഐസക്

കിഫ്ബിയുടെ മസാല ബോണ്ടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടങ്ങി. മസാല ബോണ്ടിന്റെ വിശദാംശങ്ങൾ തേടി ഇഡി ആർബിഐയ്ക്ക് കത്തയച്ചു.

സിആന്റ്എജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി. കിഫ്ബിയുടെ കടമെടുപ്പ് സർക്കാരിന് ഇതുവരെ 3100 കോടി രൂപയുടെ ബാധ്യതയുണ്ടാക്കിയതായി സിഎജിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ഇതുസംബന്ധിച്ചാണ് ഇപ്പോൾ ഇഡി അന്വേഷിക്കുന്നത്. ഫെമ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്നതാണ് പ്രധാനമായും ഇഡി പരിശോധിക്കുന്നത്.

ഇഡിക്ക് സിഎജി റിപ്പോർട്ട് കിട്ടിയിട്ടുണ്ടെന്നും സിഎജി റിപ്പോർട്ട് നിഷ്‌കളങ്കമല്ലെന്നും തോമസ് ഐസക് പറഞ്ഞു. കേരളത്തിൽ ഭരണ സ്തംഭനം സൃഷ്ടിക്കാൻ വേണ്ടിയുള്ള ബോധപൂർവ്വമായ ഇടപെടലിന്റെ ഭാഗമാണിത് ധനമന്ത്രി പറഞ്ഞു.

യുഡിഎഫ് സർക്കാർ എജി ഓഡിറ്റ് ആവശ്യപ്പെട്ടപ്പോൾ പറഞ്ഞതിനപ്പുറമൊന്നും ഇടത് സർക്കാരും ചെയ്തിട്ടില്ല. പക്ഷെ എജിയുടെ ഓഫീസ് ഇത് എങ്ങനൊയൊക്കെയാണ് വിവാദമാക്കിയിരിക്കുന്നതെന്നത് ശ്രദ്ധിക്കണം. എല്ലാം ചോർത്തി നൽകിയെന്നും തോമസ് ഐസക് പറഞ്ഞു.